ചീമേനി: കൊവിഡിനെ തുടർന്നുള്ള രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം വർണ്ണശബളമായ കലവറ നിറയ്ക്കൽ ഘോഷയാത്രയോടെ ചീമേനി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് തുടക്കമായി. ചീമേനി ശ്രീ ധർമ്മശാസ്താ ക്ഷേത്ര പരിസരത്തുനിന്നാണ് കലവറ നിറയ്ക്കൽ ഘോഷയാത്ര തുടങ്ങിയത്. ശ്രീ മുത്തപ്പൻ ക്ഷേത്രം, കരിയാപ്പിൽ ഭഗവതി ക്ഷേത്രം വഴി ചീമേനി ടൗണിൽ പൊലീസ് സ്റ്റേഷൻ പരിസരത്ത് എത്തിയ ഘോഷയാത്ര ടൗൺ ചുറ്റി ചീമേനി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു.
ചീമേനി പടിഞ്ഞാറേക്കര, വടക്കേക്കര , കിഴക്കേക്കര, പിലാന്തോളി, തുറവ് പ്രദേശക്കാരുടെ നേതൃത്വത്തിലാണ് കലവറ നിറക്കൽ ഘോഷയാത്ര നടന്നത്. ക്ഷേത്രം ഭാരവാഹികളും ആഘോഷകമ്മറ്റി ഭാരവാഹികളും ഘോഷയാത്ര നയിച്ചു. കലവറ സാധനങ്ങളുമായി നിരവധി സ്ത്രീകൾ പങ്കെടുത്തു. തുടർന്ന് ഇന്നലെ രാത്രി എട്ടിന് വിഷ്ണുമൂർത്തിയുടെയും പത്തു മണിക്ക് രക്തചാമുണ്ഡിയുടെയും തോറ്റങ്ങൾ തിരുസന്നിധിയിൽ എത്തി. ആറിന് രാവിലെ ഒമ്പതിന് രക്തചാമുണ്ഡിയും 12 മണിക്ക് വിഷ്ണുമൂർത്തിയും പുറപ്പാടാകും. മറ്റുദിവസങ്ങളിൽ തോറ്റങ്ങളും തെയ്യങ്ങളും അരങ്ങിലെത്തി ഭക്തരെ അനുഗ്രഹിക്കും. 15 ന് സമാപന ദിവസം രാവിലെ രക്തചാമുണ്ഡിയും ഉച്ചക്ക് ഇരു മണിയോടെ വിഷ്ണുമൂർത്തിയും ഭക്തർക്ക് ദർശന സായൂജ്യം നൽകും. ഉത്സവ നാളുകളിൽ എല്ലാ ദിവസവും ഉച്ചക്ക് 12 മണിമുതലും രാത്രി എട്ടു മണിമുതലും അന്നദാനം ഉണ്ടാകും.