കണ്ണൂർ: ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർത്ഥിനി മരിച്ച സാഹചര്യത്തിൽ കോർപറേഷൻ പരിധിയിൽ ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി. 41ഭക്ഷ്യശാലകളിലും ബേക്കറികളിലുമാണ് ഇന്നലെ പരിശോധന നടത്തിയത്. ഇതിൽ ഏഴുസ്ഥാപനങ്ങളിൽ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത ചിക്കൻ ഫ്രൈഡ് റൈസ് ഉൾപ്പെടെ പിടിച്ചെടുത്തു. ഒരു ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു.
ഹെൽത്ത് സൂപ്രവൈസർ പി.പി ഷൈജുവിന്റെ നേതൃത്വത്തിൽ അഞ്ച് സ്‌ക്വാഡുകളിലായാണ് ഹെൽത്ത് ഇൻസ്‌പെക്ടർമാർ രണ്ടാംദിനത്തിലും റെയ്ഡു നടത്തിയത്. പൊടിക്കുണ്ടിലെ ഫാറൂസ് റസ്‌റ്റോറന്റാണ് പൂട്ടിച്ചത്. ഏതാനും ബേക്കറികളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടികൂടിയിട്ടുണ്ട്. ഫ്രിഡ്ജിൽ സൂക്ഷിച്ച പഴകിയ മാംസം, ഫ്രൈഡ് റൈസ്, വേവിച്ചതും അല്ലാത്തതുമായ ചിക്കൻ, ബീഫ്, പഴകിയ എണ്ണ, പൂപ്പൽബാധിച്ച പച്ചക്കറികൾ, പേസ്റ്റ് രൂപത്തിലാക്കിയ ഇഞ്ചി, പനീർ തുടങ്ങിയവയാണ് പിടികൂടിയത്. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രേമരാജൻ, സുധീർബാബു, പത്മരാജൻ, രാജീവൻ, ഷൈൻ പി. ജോസഫ്, ജോഷ്വാ ജോസഫ്, എ.എച്ച്.ഐമാരായ സൗമ്യ, ജൂലിമോൾ, സജില, അഫ്‌സില, രാധിക, റെനി, സ്മിത, അനിൽ, ഹംസ എന്നിവരടങ്ങിയ സംഘമാണ് വിവിധ ഡിവിഷനുകളിൽ റെയ്ഡിന് നേതൃത്വം നൽകിയത്.