കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിടുന്ന വാഹനങ്ങളുടെ പാർക്കിംഗ് ഫീസിൽ നാലിരട്ടി വർദ്ധന. പാർക്കിംഗ് കരാർ പുതുക്കിയതിന്റെ ഭാഗമായാണ് വർദ്ധന നിലവിൽവന്നത്. ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് ആദ്യത്തെ നാല് മണിക്കൂറിന് നാലു രൂപയായിരുന്നത് 12 രൂപയായി. 12 മണിക്കൂർ വരെ 18 രൂപ, 24 മണിക്കൂർ വരെ 25 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. നാലുചക്ര വാഹനങ്ങൾക്ക് ഇത് യഥാക്രമം 25, 50, 95 എന്നിങ്ങനെയാണ്. മിനിമം 10 രൂപയുണ്ടായിരുന്നതാണ് ഇരട്ടിയിലേറെയായി വർദ്ധിപ്പിച്ചത്.
24 മണിക്കൂർ കഴിഞ്ഞാൽ ഓരോ 24 മണിക്കൂറിനും 120 രൂപ അധികം നൽകണം. റെയിൽവേ സ്റ്റേഷനിൽ സർവീസ് നടത്തുന്ന ടാക്‌സി വാഹനങ്ങളുടെ പാർക്കിംഗ് ഫീസും ഇരട്ടിയായി വർദ്ധിപ്പിച്ചിട്ടുണ്ട്. വർഷത്തിൽ 2000 രൂപ എന്നത് 4000 രൂപയായാണ് വർദ്ധിപ്പിച്ചത്. ജോലിയാവശ്യാർത്ഥവും മറ്റും വാഹനങ്ങൾ സ്റ്റേഷനിൽ പാർക്ക് ചെയ്ത് പോകുന്നവർക്ക് വർദ്ധന കനത്ത ഭാരമാണ്. കൊവിഡിന് മുമ്പുവരെ ഉണ്ടായിരുന്ന ട്രെയിനുകൾ റെയിൽവേ പുനഃസ്ഥാപിക്കാത്തതിനാൽ പാസഞ്ചർ ട്രെയിനുകളിൽ പോലും എക്സ്പ്രസ് നിരക്ക് നൽകിയാണ് യാത്ര ചെയ്യുന്നത്. പാർക്കിംഗ് ഫീസും വർദ്ധിച്ചതോടെ സാധാരണക്കാരാണ് ഏറെ ദുരിതത്തിലായത്. വിദൂര സ്ഥലങ്ങളിൽ ജോലിചെയ്യുന്ന പലരും യാത്രക്ക് ട്രെയിനാണ് ആശ്രയിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്താണ് ഇവരുടെ യാത്ര.
ഫീസ് മാത്രമല്ല, അടിസ്ഥാന
സൗകര്യവും കൂട്ടണം
ആയിരത്തിലധികം പേരാണ് ദിവസേന റെയിൽവേയുടെ പാർക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തുന്നത്. പണം കൊടുത്താലും അടിസ്ഥാനസൗകര്യമൊന്നും ഇവിടെയില്ല. പണം നൽകി നിർത്തിയിടുന്ന വാഹനങ്ങൾ എടുക്കുന്നതുവരെയും വെയിലും മഴയും കൊണ്ടാണ് കിടപ്പ്. റെയിൽവേയിൽനിന്ന് കരാറെടുത്തവർ ജി.എസ്.ടി നൽകണമെന്നതിനാൽ ജി.എസ്.ടി നിരക്കുൾപ്പെടെയാണ് യാത്രക്കാരിൽനിന്ന് ഈടാക്കുന്നത്.
റെയിൽവേ വാഹന പാർക്കിംഗ് ഏരിയയിൽ മോഷണം പതിവാണ്. ഇരുചക്രവാഹനങ്ങളിൽനിന്ന് പെട്രോൾ മോഷണം പോകുന്നതും നിത്യസംഭവമായിട്ടുണ്ട്. മേൽക്കൂരയില്ലാത്തതിനാൽ മരത്തണൽ കണ്ടെത്തി അവിടെ പാർക്ക് ചെയ്താൽ കൊക്കും കാക്കയും കാഷ്ഠിച്ച് വാഹനം വൃത്തികേടാക്കും. റെയിൽവേയാണ് മേൽക്കൂര നിർമ്മിക്കേണ്ടതെന്നാണ് കരാറുകാർ പറയുന്നത്.
യാത്രക്കാർ