മട്ടന്നൂർ: ഉരുവച്ചാൽ -മണക്കായി റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നത് നാട്ടുകാർക്ക് തലവേദനയായി. പ്രവൃത്തി ആരംഭിച്ച് 4 മാസം കഴിഞ്ഞെങ്കിലും റോഡിന്റെ പണി എങ്ങുമെത്താത്ത അവസ്ഥയിലാണ്. റോഡ് മുഴുവനായും കിളച്ചിട്ട് മെറ്റൽ ചെയ്തങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ചിതറിക്കിടക്കുകയാണ്. മണക്കായി വരെയുള്ള പ്രദേശത്തുകാർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ടൗണുകളിലും മറ്റും പോവേണ്ട അവസരങ്ങളിൽ എത്തിപ്പെടാൻ കഴിയാതെ ഏറെ വലയുകയാണ്.
റോഡ് പ്രവൃത്തി കാരണം ബസ് സർവീസ് നിർത്തി. ഓട്ടോറിക്ഷകളാണ് നാട്ടുകാർക്ക് ഏക ആശ്രയം. റോഡിൽ നിറയെ ചീളുകൾ ചിതറിക്കിടക്കുന്നത് കാരണം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ കടന്നു പോവാനും പ്രയാസം. പൊടിശല്യവും രൂക്ഷമായത് വീട്ടുകാർക്ക് പ്രയാസം നേരിടുകയാണ്. റോഡിന്റെ ഇരുഭാഗങ്ങളിലെ ചെറുതും വലുതും വീട്ടു മതിൽ പൊളിച്ചിട്ടതും വീട്ടുകാർക്ക് ഏറെ ദുരിതമായി. മതിലുകൾ പൊളിച്ചിട്ടത് കുട്ടികൾ വീട്ടുമുറ്റത്ത് നിന്ന് കളിക്കാനും ഭയപ്പെടുകയാണ്. റോഡ് വീതിക്ക് വേണ്ടി ഉടമകൾ സൗജന്യമായി സ്ഥലം നല്കിയപ്പോൾ പൊളിച്ച മതിലുകൾ ഉടൻ തന്നെ പുതുക്കി പണിയുമെന്ന് യോഗത്തിൽ ധാരണയായിരുന്നു. എന്നാൽ മതിലുകൾ പൊളിച്ചിട്ടതല്ലാതെ മറ്റു നടപടികളൊന്നുമുണ്ടായില്ലന്ന് വീട്ടുകാർ പറയുന്നു.
പൊളിച്ച മതിലുകളുടെ ബാക്കി ഭാഗം മഴയിൽ ഇടിഞ്ഞു വീഴാനും സാദ്ധ്യതയേറെയാണ്. കൂറ്റൻ മതിൽ പൊളിച്ച സുരക്ഷയില്ലാത്ത വീട്ടിലാണ് രണ്ട് ആഴ്ച മുമ്പ് വൻ കവർച്ച നടന്നത്. റോഡിന്റെ ഇരുഭാഗത്തും ഓവുചാലിന്റെ പ്രവൃത്തി ഇനിയും പൂർത്തിയായില്ല. മഴ പെയ്താൽ തീർത്തും യാത്രാദുഃസ്സഹമാവും.
അന്താരാഷ്ട്ര നിലവാരത്തിൽ റോഡിനെ ഉയർത്തും
ഏറേക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഉരുവച്ചാൽ - മണക്കായി റോഡ് വീതികൂട്ടൽ പ്രവൃത്തി ആരംഭിച്ചത്. നിലവിൽ എട്ട് മീറ്റർ ഉള്ള റോഡ് ഒമ്പതര മീറ്റർ ആക്കിയാണ് വീതി കൂട്ടിയത്. റീ ബിൽഡ് കേരളാ പദ്ധതിയിൽ ഉൾപ്പെടുത്തി 104.68 കോടി രൂപ ചെലവിലാണ് റോഡ് നിർമ്മാണ പ്രവൃത്തി നടത്തുന്നത്. സോളാർ, ഹൈമാസ്റ്റ് ലൈറ്റുകൾ, റിഫ്ലക്ടറുകൾ എന്നിവ ഉൾപ്പെടെ അന്താരാഷ്ട്ര നിലവാരത്തിലാണ് ഉരുവച്ചാൽ -മണക്കായി റോഡ് നിർമ്മിക്കുന്നത്. കണ്ണൂർ വിമാനത്താവളം, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള റോഡാണിത്.
റോഡ് പണി ഏറ്റെടുത്ത കരാറുകാരുടെ അനാസ്ഥയാണ് പണി ഇഴഞ്ഞു നീങ്ങാൻ കാരണം. കാലവർഷം ആരംഭിക്കുന്നതിന് മുമ്പെ റോഡ് പണി പൂർത്തീകരിക്കണ. പ്രവൃത്തി ഇഴഞ്ഞ് നീങ്ങുകയാണെങ്കിൽ ശക്തമായ സമരം നടത്താൻ തീരുമാനിക്കും.
നാട്ടുകാർ