photo

പഴയങ്ങാടി: എരിപുരം -കുപ്പം റോഡിൽ നെരുവമ്പ്രത്ത് പൊതുമരാമത്ത് വകുപ്പ് റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയാവുന്നു. മഴപെയ്തു തുടങ്ങിയതോടെ ഒഴുകിപ്പോകാതെ റോഡിൽ തന്നെ വെള്ളം കെട്ടി നിൽക്കുകയാണ്. നെരുവമ്പ്രം മുച്ചിലോട്ട് സ്കൂളിന് സമീപത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.

ഈ റൂട്ടിൽ മുപ്പതിലധികം ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. നൂറു കണക്കിന് മറ്റു വാഹനങ്ങളും കടന്നു പോകുന്നു. പതിനഞ്ചിലധികം വ്യാപാര സ്ഥാപനങ്ങളും നിരവധി വീടുകളുമുണ്ട്. വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് മൂലം കടകളിലുള്ളവർക്ക് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നു. അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.