പയ്യന്നൂർ: കാങ്കോൽ- ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച ഉച്ചയോടെ വീശിയടിച്ച ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. പയ്യന്നൂർ - ചെറുപുഴ റോഡിൽ മരം വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കാങ്കോലിലെ കല്ലേൻ ലക്ഷ്മി അമ്മയുടെ വീട് മരം വീണ് പൂർണ്ണമായും തകർന്നു.
കാങ്കോൽ, താഴക്കുറുന്ത്, മാത്തിൽ, കാളീശ്വരം, പാനോത്ത് എന്നിവിടങ്ങളിൽ കാർഷിക വിളകൾക്കും മറ്റും വൻ നാശമുണ്ടായി. പയ്യന്നൂർ -ചെറുപുഴ റോഡിൽ കുണ്ടോറ തോടിന് സമീപമാണ് വൻ മരം കടപുഴകി കുറുകെ വീണത്. പയ്യന്നൂരിൽ നിന്ന് അഗ്നിശമന സേനയെത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അസ്സി. സ്റ്റേഷൻ ഓഫീസർ ഒ.സി. കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ സി. എം. ജോൺ, എ. സുധിൻ, എസ്. ഷിബിൻ, കെ. ഇർഷാദ്, ഹോംഗാർഡ് കെ.വി. ഗോവിന്ദൻ എന്നിവരാണ് മരം മുറിച്ച് മാറ്റിയത്. ഉച്ചക്ക് 12.30 ഓടെ ആരംഭിച്ച കാറ്റും മഴയും ഇടിമിന്നലും രണ്ട് മണി വരെ നീണ്ട് നിന്നു.