കാസർകോട്: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ പ്രദർശന വിപണന മേള നടന്നുവരവെ സമാന്തരമായി റവന്യൂ മേളയും സംഘടപ്പിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ അമർഷം. കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാൻഡിലാണ് എന്റെ കേരളം പ്രദർശന വിപണന മേള നടക്കുന്നത്.

ഇതുമായി റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ലെന്ന വിമർശനം തുടക്കം മുതൽ നിലനിൽക്കെയാണ് റവന്യൂ കലാമേളയും കാഞ്ഞങ്ങാട് തന്നെ നടത്തിയത്. സർക്കാർ വാർഷികം വിജയിപ്പിക്കേണ്ടുന്ന ഉത്തരവാദിത്വമുള്ള റവന്യൂ വകുപ്പ് അലാമിപ്പള്ളിയിലെ പവലിയനിൽ ഒരു സ്റ്റാൾ പോലും ഒരുക്കിയിരുന്നില്ല. ഇതും കടുത്ത വിമർശനത്തിന് ഇടയാക്കി. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെ സർക്കാർ വാർഷികത്തിന്റെ പരിപാടികളുടെ ഉത്തരവാദിത്വം ഏൽപിക്കുന്നതിന് പകരം സ്വന്തം വകുപ്പിലെ മേള കൊഴുപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾക്ക് വേണ്ടി സജീകരിച്ചതാണ് വിമർശനവും കൊഴുപ്പിക്കുന്നത്.

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ തുടങ്ങിയ യു.ഡി.എഫ് നേതാക്കളെ പങ്കെടുപ്പിച്ചാണ് റവന്യൂ മേള നടത്തിയതെന്നതും വിമർശകർ ചൂണ്ടികാണിക്കുന്നു. പുതിയകോട്ട സർവീസ് സഹകരണ ബാങ്ക് ഹാളിലും മേലാങ്കോട്ടെ ലയൺസ് ഹാളിലുമായാണ് റവന്യൂ വകുപ്പ് മുൻകൈയെടുത്ത് മേള പൊടിപൊടിച്ചത്. സമാന്തരമായി നടത്തുന്ന പരിപാടി എന്നതിനാലാകണം റവന്യൂ മേളയിൽ നിന്ന് സി.പി.എം എം.എൽ.എമാരായ അഡ്വ. സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാലൻ എന്നിവർ വിട്ടുനിൽക്കുകയും ചെയ്തു. സി.പി.എമ്മിന്റെ ഭാഗത്തുനിന്നും മേളയിൽ പങ്കെടുത്തത് കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത മാത്രമാണ്. റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരിൽ പലരും ഒന്നോ രണ്ടോ തവണ മാത്രമാണ് സർക്കാർ വാർഷിക പവലിയനിൽ എത്തിയതെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച മുറുമുറുപ്പ് ശക്തമാണ്. അതേസമയം റവന്യൂ ഉദ്യോഗസ്ഥർ ആരും സഹകരിക്കുന്നില്ല എന്ന ആക്ഷേപം കാര്യമാക്കേണ്ട ഒന്നല്ലെന്നും മത്സരങ്ങളുടെ ജഡ്ജ്‌മെന്റ് നടത്താൻ ചുമതല ഏറ്റെടുത്ത് പ്രവർത്തിക്കുന്നത് മുഴുവൻ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ ആണെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.

കളക്ടറും എ.ഡി.എമ്മും വാർഷിക പവലിയനിൽ

റവന്യൂ ഉദ്യോഗസ്ഥർ സർക്കാർ വാർഷികമേളയുമായി സഹകരിക്കുന്നില്ലെന്ന വിമർശനം ഉയർന്നിരിക്കെ കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, എ.ഡി.എം രമേന്ദ്രൻ, സബ് കളക്ടർ സി.ആർ മേഘശ്രീ എന്നിവരും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും ശനിയാഴ്ച മൂന്ന് മണി മുതൽ മേളയിൽ സജീവമായി സംബന്ധിച്ചു. ഉദ്യോഗസ്ഥർക്ക് ആവശ്യമായ ഉപദേശവും നിർദ്ദേശവും നൽകി മണിക്കൂറുകളോളം ഇവർ പവലിയനിൽ തന്നെയുണ്ടായിരുന്നു.