തൃക്കരിപ്പൂർ: അതിരിടിഞ്ഞും ചെളി നിറഞ്ഞ് ആഴം കുറഞ്ഞും നാശത്തിന്റെ വക്കിലുള്ള ചെറിയ ചാൽ തോട് ശുചീകരിച്ച് നവീകരിച്ച് നാട്ടുകാർക്ക് ഉപയോഗപ്രദമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. തൃക്കരിപ്പൂരിന്റെ പടിഞ്ഞാറൻ മേഖലയിലെ മീലിയാട്ട് ഉൾപ്പെടുന്ന പ്രദേശത്തുകൂടി ഒഴുകുന്ന ഈ തോട് ഒരു കാലത്ത് കുളിക്കാനും അലക്കാനുമായി പ്രദേശവാസികൾ ഉപയോഗിച്ചിരുന്നു.

പക്ഷേ ക്രമേണ കൈയേറ്റം രൂക്ഷമായതോടെ തോടിന്റെ വീതി കുറഞ്ഞും കാട് കയറിയും പുറമണ്ണ് വീണും തോടിന്റെ സ്വാഭാവികത നഷ്ടമായി. ഇതോടെ ചാലിലൂടെയുള്ള നീരൊഴുക്ക് നിലച്ചു. ഇത് വെള്ളം മലിനമാകാൻ ഇടയായതോടെ നാട്ടുകാർക്ക് വിനയായി. ദുർഗ്ഗന്ധവും കൊതുകു വളർത്തൽ കേന്ദ്രവുമായി മാറിയത് പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നവുമുടലെടുക്കാൻ ഇടയായി. തൃക്കരിപ്പൂരിന്റെ നെല്ലറയായ കുട്ടനാട്ടി പാട ശേഖരത്തുനിന്നും ആരംഭിച്ച് തെക്കോട്ട് ജനവാസ മേഖലകളിൽ കൂടി ഒഴുകി കാവില്യാട്ട് കാവിലൂടെ മധുരം കൈപ്പുഴയിൽ ചേരുന്ന ചെറിയ ചാൽ ദിവസം കഴിയുന്തോറും ചെറുതാകുന്ന സ്ഥിതിയിലാണ് നാട്ടുകാർ ആരോപിക്കുന്നത്.

സുരക്ഷ 100 മീറ്ററിൽ മാത്രം

തോടിന്റെ ആരംഭത്തിൽ 100 ​​മീറ്ററുകൾ മൈനർ ഇറിഗേഷൻ വകുപ്പിന്റെ അതിരു കെട്ടിയുള്ള സംരക്ഷണം നിലവിലുള്ളതിനാൽ സുരക്ഷിതമാണ്. എന്നാൽ തുടർന്നുള്ള ഭാഗം കിലോമീറ്ററുകളോളം സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ ഈ തോട് തന്നെ ഇല്ലാതാകുന്ന അവസ്ഥയുണ്ട്.

ചെറിയ ചാൽ കൈയേറ്റം തടയാൻ അതിരിൽ സംരക്ഷണഭിത്തി അനിവാര്യമാണ്. തോട്ടിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തില്ലെങ്കിൽ മഴക്കാലത്ത് ഇതുവഴി ഒഴുകിയെത്തുന്ന വെള്ളം ജനവാസ കേന്ദ്രത്തിന് ഭീഷണിയാകും.

ഷാജി കപ്പണക്കൽ, മീലിയാട്ട്