കാഞ്ഞങ്ങാട്: പേരിയയിലെയും ആനക്കുഴിയിലെയും ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമില്ല. റോഡ് മെക്കാഡം ടാർ ചെയ്തിട്ടും താലൂക്ക് ആസ്ഥാനത്തേക്കും നഗരത്തിലേക്കും എത്താൻ നാടുചുറ്റേണ്ട അവസ്ഥയിലാണിവർ. വെള്ളരിക്കുണ്ട് താലൂക്ക് രൂപീകരിച്ചതോടെ ദുരിതം കൂടുകയായിരുന്നു.
വെള്ളരിക്കുണ്ടിലെത്താൻ പേരിയയിൽ നിന്നുള്ള ഒന്നോ രണ്ടോ ബസിന്റെ സമയം നോക്കി എണ്ണപ്പാറയിലെത്തണം. ഇവിടെ നിന്ന് കാലിച്ചാനടുക്കത്തേക്കും. പിന്നെ പരപ്പ വഴി വെള്ളരിക്കുണ്ടിലെത്താനും ആവശ്യത്തിന് ബസുകളില്ല. 12 കിലോ മീറ്റർ കൊണ്ട് കാഞ്ഞിരപ്പൊയിൽ വഴി ജില്ലാ ആശുപത്രിയിൽ എത്താമെങ്കിലും ഒരാഴ്ച മുൻപ് പുനരാരംഭിച്ച ഉച്ച നേരത്തെ സ്വകാര്യ ബസ് മാത്രമേ ഓടുന്നുള്ളൂ. രാവിലെയും വൈകീട്ടും രാത്രിയും ഓടേണ്ട സർവീസുകൾ വർഷങ്ങളായി കാഞ്ഞിരപ്പൊയിലിൽ ട്രിപ്പ് അവസാനിപ്പിച്ചിട്ടും മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഏഴാംമൈൽ വഴി കറങ്ങി പോകാൻ 35 രൂപ വേണമെങ്കിൽ ഇതുവഴി 25 രൂപ മതിയാകും. ചെറുപുഴയിൽ നിന്ന് ഇതുവഴി കാഞ്ഞങ്ങാടേക്കും, തിരിച്ച് കൽപ്പറ്റയിലേക്കുമുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾക്കുള്ള സാദ്ധ്യതാ പഠന റിപ്പോർട്ട് സമ്മർദ്ദം ചെലുത്താൻ ആളില്ലാത്തതോടെ തിരുവനന്തപുരത്തെ ചീഫ് ഓഫീസിന്റെ ഫയൽ കൂമ്പാരത്തിലാണെന്ന് നാട്ടുകാർ പറയുന്നു. അടുക്കം -പരപ്പ റൂട്ടിൽ രാവിലെ 9.30ന് ശേഷവും വൈകീട്ട് 3 ന് ശേഷവും മൂന്ന് മണിക്കൂറോളം ബസ് സർവീസുകളില്ല. അടുക്കത്ത് നിന്ന് ഏഴാംമൈൽ ഭാഗത്തേക്കും ആകെ അഞ്ച് ട്രിപ്പുകളേ ഓടുന്നൂള്ളൂ. സ്വകാര്യ ഉടമകളെങ്കിലും മനസ് വെച്ചാൽ ഓരോ മണിക്കൂർ ഇടവേളകളിൽ വെള്ളരിക്കുണ്ട്- പരപ്പ കാലിച്ചാനടുക്കം തായന്നൂർ കാഞ്ഞിരപ്പൊയിൽ മുണ്ടോട്ട് ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് തുടങ്ങാവുന്നതേയുള്ളൂയെന്ന് നാട്ടുകാർ പറയുന്നു.