slab
കണ്ണൂര്‍ കാല്‍ടെക്‌സില്‍ നടപ്പാതയില്‍ പൊട്ടിയ സ്‌ളാബുകളിലൊന്ന്

കണ്ണൂർ: കണ്ണൂർ നഗരത്തിലെ നടപ്പാതകൾ വഴിയാത്രക്കാർക്ക് അപകടക്കെണിയൊരുക്കുന്നു. ശ്രദ്ധയൊന്ന് തെറ്റിയാൽ ഓവുചാലിലേക്ക് വീണുകാലൊടിയുന്ന അവസ്ഥയാണുള്ളത്. സാധാരണ ദിവസങ്ങളിൽ ഏറ്റവും തിരക്കേറിയ കാൾടെക്‌സ് ജംഗ്ഷനിലെ ഓവുചാലിന്റെ സ്‌ളാബ് തകർന്നിട്ട് മാസങ്ങളായെങ്കിലും ഇതുവരെ അധികൃതർ പുനഃസ്ഥാപിച്ചിട്ടില്ല. സ്‌ളാബിന്റെ കമ്പികൾ പുറത്തേക്ക് തുറിച്ചു നിൽക്കുന്ന അപകടകരമായ അവസ്ഥയാണ് ഇവിടെ.

കളക്ടറേറ്റ് മുതൽ ജില്ലാ പഞ്ചായത്ത് വരെയുള്ള നടപ്പാതയിൽ ടൈൽസ് വിരിച്ചത് ഒട്ടുമിക്കതും ഇളകിമാറിയിട്ടുണ്ട്. പലയിടങ്ങളിലും ഇതുകാണാനുമില്ല. കണ്ണൂർ ടൗൺ സ്‌ക്വയർ മുതൽ സ്‌റ്റേഡിയം കോർണർ വരെയും പ്ലാസ ജംഗ്ഷനിലും ഇതുതന്നെയാണ് അവസ്ഥ. അശാസ്ത്രീയമായ നിർമ്മാണ പ്രവൃത്തിയാണ് ഈ ഗതികേടിന് കാരണമെന്നാണ് വഴിയാത്രക്കാർ പറയുന്നത്.
നടപ്പാത പൊട്ടിപ്പൊളിഞ്ഞതുകാരണം അതിവേഗതയിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലൂടെ നടക്കേണ്ട അവസ്ഥയിലാണ് കാൽനടയാത്രക്കാർ.

കാൾടെക്‌സ് മുതൽ പുതിയതെരു വരെ ഇങ്ങനെ റോഡരികിലൂടെ സഞ്ചരിച്ച മൂന്ന് വഴിയാത്രക്കാരാണ് വാഹനമിടിച്ചു അടുത്തകാലത്ത് ദാരുണമായി കൊല്ലപ്പെട്ടത്. കാലവർഷം വരാനിരിക്കെ പൊട്ടിയ സ്‌ളാബിന്റെ വിടവുകളിലൂടെ മലിനജലം റോഡിലേക്ക് പരന്നൊഴുകാനും സാദ്ധ്യതയുണ്ട്. ഇതു പകർച്ചവ്യാധികൾ പടരാനിടയാക്കുമെന്നാണ് യാത്രക്കാരുടെ ആശങ്ക.

നഗരവികസനവും സൗന്ദര്യവൽക്കരണത്തിനുമായി ഫണ്ട് ചെലവഴിക്കുന്നുണ്ടെങ്കിലും അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോർപ്പറേഷൻ തയ്യാറാകുന്നില്ലെന്ന പരാതി ശക്തമാണ്. പൊട്ടിപ്പൊളിഞ്ഞ സ്‌ളാബുകൾ യാത്രക്കാരെ അപകടത്തിൽ ചാടിക്കുന്നു. മനുഷ്യാവകാശ കമ്മിഷനുൾപ്പെടെ ഈക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകും.
അഡ്വ. ദേവദാസ് തളാപ്പ് (മനുഷ്യാവകാശ പ്രവർത്തകൻ)