
കണ്ണൂർ: കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന ടേസ്റ്റി ഹട്ട്, പകരം സംവിധാനമുണ്ടാക്കാതെ പെളിച്ചുമാറ്റിയ കണ്ണൂർ കോർപ്പറേഷൻ നടപടിക്കെതിരെ നാളെ കോർപ്പറേഷൻ ഓഫീസിന് മുൻപിൽ ബഹുജന മാർച്ച് നടത്താൻ എം.വി ജയരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എൽ.ഡി.എഫ് ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു.
പുതിയ ഓഫീസിന് വേണ്ടി കെട്ടിടം നിർമിക്കാനുള്ള സാമ്പത്തിക സഹായം സർക്കാരാണ് നൽകിയത്. പകരം സംവിധാനം ഉണ്ടാക്കിക്കൊടുക്കാതെ ഹോട്ടൽ പൊളിക്കരുതെന്ന് സർക്കാരും വഴിയോരകച്ചവട തർക്കപരിഹാര സമിതിയും കോർപ്പറേഷന് നൽകിയ നിർദ്ദേശം അംഗീകരിക്കാൻ കൂട്ടാക്കാതെ കുടുംബശ്രീയെ തകർക്കുന്ന നടപടിയാണ് സ്വീകരിച്ചത്. ഏഴു സ്ത്രീകൾ ബാങ്കിൽ നിന്ന് വായ്പയെടുത്ത് ആരംഭിച്ചതാണ് ടേസ്റ്റി ഹട്ട്. വായ്പാതുക തിരിച്ചടക്കാൻ പോലും കഴിയാതെ സ്ത്രീകൾ പ്രയസപ്പെടുകയാണ്.
നീതി തേടി കുടുംബശ്രീ ആരംഭിച്ച സമരത്തിന് എൽ.ഡി.എഫ് യോഗം പിന്തുണ പ്രഖ്യാപിച്ചാണ് മാർച്ച്. രാവിലെ 10 ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ബഹുജനമാർച്ച് ആരംഭിക്കും.
യോഗത്തിൽ കൺവീനർ കെ.പി സഹദേവൻ സ്വാഗതം പറഞ്ഞു. പി. സന്തോഷ്‌കുമാർ എം.പി, സി. രവീന്ദ്രൻ, ജോയ് കൊന്നക്കൽ, സജി കുറ്റ്യാനിമറ്റം, കെ.പി മോഹനൻ, വി.കെ ഗിരിജൻ, കെ. മനോജ്, ബാബുരാജ് ഉളിക്കൽ, താജൂദ്ദീൻ മട്ടന്നൂർ, ഹമീദ് ചെങ്ങളായി, ഇ.പി.ആർ വേശാല, കെ.കെ ജയപ്രകാശ്, എ. പ്രഭാകരൻ, ജോസ് ചെമ്പേരി, പി.എസ് ജോസഫ്, എ.ജെ ജോസഫ്, ജോജി ആനിത്തോളം, ജി. ജയ്സൺ, കെ.സി ജേക്കബ്, സി. വത്സലൻ, സന്തോഷ് മാവില സംസാരിച്ചു.