പാലക്കുന്ന്: ചെളിക്കുളമായ പാലക്കുന്ന് കവലയിലെ പൊതുഇടത്തിന് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ശാപമോക്ഷം. പാലക്കുന്ന് ക്ഷേത്ര ഗോപുരത്തിന് കിഴക്ക് ഭാഗത്തെ മഴ പെയ്തു തുടങ്ങിയാൽ ചെളിക്കുളമാകുന്ന 400 ചതുരശ്ര മീറ്ററോളം വിസ്തൃതിയുള്ള പൊതുഇടമാണ് ഇന്റർലോക്ക് ചെയ്ത് സൗന്ദര്യവത്കരിച്ചത്.
മഴ തുടങ്ങിയാൽ കൊതുക് കടിയും ദുർഗന്ധവും പതിവായിരുന്നു ഇവിടെ. നിരവധി കച്ചവട സ്ഥാപനങ്ങളെ കൂടാതെ മിനി ടെമ്പോ സ്റ്റാൻഡും ഡ്രൈവർമാരുടെ വിശ്രമകേന്ദ്രവും ഇവിടെയാണ്. മഴക്കാലത്ത് ചെളിവെള്ളത്തിലൂടെ നടന്നായിരുന്നു പൊതുജനങ്ങൾ ഏറെ വർഷങ്ങളായി അപ്പുറം കടന്നിരുന്നത്. നാട്ടുകാരും സമീപത്തെ കച്ചവട സ്ഥാപനക്കാരും പരാതിയുമായി പഞ്ചായത്തിനെ നേരത്തെ സമീപിച്ചപ്പോൾ പി.ഡബ്ല്യൂ.ഡിയുടെ സ്ഥലമായതിനാൽ പഞ്ചായത്ത് കൈമലർത്തുകയായിരുന്നു.
തുടർന്ന് ജനങ്ങളുടെ പരാതിയും പത്രവാർത്തകളും കൂടിയപ്പോൾ സ്ഥലം കോൺക്രീറ്റ് ചെയ്യാനും അനുബന്ധമായ ഓവുചാൽ നിർമ്മാണത്തിനുമായി നാലു ലക്ഷം രൂപ നീക്കിവെച്ചതായി 2020 ജൂണിൽ അന്നത്തെ പ്രസിഡന്റ് കെ.എ. മുഹമ്മദലി അറിയിച്ചിരുന്നു. പി.ഡബ്ലു.ഡി യിൽ നിന്ന് അനുവാദം കിട്ടിയാൽ പണി തുടങ്ങുമെന്നാണ് അന്ന് പറഞ്ഞത്. രണ്ടു വർഷത്തിന് ശേഷം സാങ്കേതിക കുരുക്കുകൾ അഴിച്ച് നിർമ്മണം തുടങ്ങാറായപ്പോൾ ഇന്റർലോക്കിട്ട് സുന്ദരമാക്കാൻ ഉദുമ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. കേന്ദ്ര ധനകാര്യ കമ്മിഷന്റെ ശുചിത്വ ഗ്രാൻഡ് ഉപയോഗിച്ച് 3.61ലക്ഷം രൂപ ചെലവിട്ടാണ് 390 ചതുരശ്ര മീറ്റർ സ്ഥലം സുന്ദരമാക്കുന്നതെന്ന് വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ പറഞ്ഞു. അനുബന്ധ ഒഴുക്കുചാലും പണിയും.