
കണ്ണൂർ:അതിവേഗ റെയിൽ പദ്ധതികളുടെ കാര്യത്തിൽ സി.പി.എമ്മിനും ബി.ജെ.പിക്കും ഇരട്ടത്താപ്പാണെന്ന് മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ സമരത്തിന് നേതൃത്വം നൽകുന്ന ശശികാന്ത് സോണവാനെ കണ്ണൂർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ഇവിടെ കെ റെയിൽ പദ്ധതിയെ അനുകൂലിക്കുന്ന സി.പി.എം മഹാരാഷട്രയിൽ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ നിലപാടെടുക്കുന്നു.
കേരളത്തിൽ കെ റെയിൽ പദ്ധതിയെ എതിർക്കുന്ന ബി.ജെ.പി മഹാരാഷ്ട്രയിൽ അതിവേഗ റെയിൽ പദ്ധതിയെ അനുകൂലിക്കുന്നു. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പാണ് ഇത് വ്യക്തമാക്കുന്നത്. വൻകിട കോർപറേറ്റുകളോടും സ്വകാര്യവൽക്കരത്തോടുമാണ് അവർക്ക് ആഭിമുഖ്യം.നിലവിലുള്ള ഇന്ത്യൻ റെയിൽവേ സംവിധാനത്തെ വികസിപ്പിച്ച് സാധാരണക്കാർക്ക് മിതമായ യാത്രാ നിരക്കിൽ പൊതുഗതാഗതത്തിനായി ഉപയുക്തമാക്കുകയാണ് വേണ്ടത്.അതാണ് വികസനം.അല്ലാതെ പരിസ്ഥിതിയെ തകർക്കുന്ന എംബാങ്ക്‌മെന്റ് നിർമ്മാണം വഴിയുള്ള കെ റെയിൽ പദ്ധതി പോലുള്ള ബദൽ റെയിൽവേ സംവിധാനം കൊണ്ടുവരികയല്ല.
സിൽവർലൈൻ പദ്ധതിയുടെ 74 ശതമാനം ഓഹരികളും സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുമെന്നാണ് അറിയുന്നത്. ഭൂമി ഏറ്റെടുക്കാൻ ഇതിനെ പൊതു സംരംഭമായി വ്യാഖ്യാനിക്കുകയും ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാൽ സ്വകാര്യ സംരംഭമാക്കുകയുമാണ് ലക്ഷ്യം.കേരളത്തിലെ സിൽവർ ലൈൻ പ്രതിരോധ സമിതി ഉന്നയിക്കുന്ന കാര്യങ്ങൾ തന്നെയാണ് മഹാരാഷ്ട്രയിലെ പദ്ധതിക്കെതിരെ അവിടെയുള്ള സി.പി.എം ഉന്നയിക്കുന്നതെന്നും സോണാവാനെ ചൂണ്ടിക്കാട്ടി.വാർത്താ സമ്മേളനത്തിൽ ഡോ.ഡി സുരേന്ദ്രനാഥ്, എൻ .സുബ്രമഹ്മണ്യൻ എന്നിവർ സംബന്ധിച്ചു.