പെട്രോൾ പമ്പുകളിൽ വാഹനത്തിരക്ക്
മാഹിപ്പാലത്ത് ഗതാഗത നിയന്ത്രണമില്ല
മാഹി: പെട്രോളിയം ഉത്പന്നങ്ങൾക്ക് കേരളത്തെ അപേക്ഷിച്ച് ഗണ്യമായ വിലക്കുറവുള്ള മാഹിയിലെ ഒന്നര ഡസനിലേറെ വരുന്ന പെട്രോൾ പമ്പുകളിലേക്ക്, വടകര, തലശ്ശേരി, നാദാപുരം കുത്തുപറമ്പ് ഭാഗങ്ങളിൽ നിന്നും വന്നെത്തുന്ന നൂറുകണക്കിന് വാഹനങ്ങൾ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. പെട്രോൾ പമ്പുകളിൽ നിന്നും ക്യൂ റോഡിലേക്ക് നീളുന്നതാണ് കുരുക്കാകുന്നത്. വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ പെട്രോൾ പമ്പ് ജീവനക്കാരും പൊലീസും ആഴ്ചകൾക്ക് മുമ്പ് ജാഗ്രത പാലിച്ചതിനാൽ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിച്ചെങ്കിലും വീണ്ടും പഴയ അവസ്ഥയിലായിട്ടുണ്ട്.
മാഹിപ്പാലത്ത് ട്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്താത്തതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മാഹിപ്പാലം ടൗണിൽ സ്വകാര്യബസുകൾ തോന്നുംപടി നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയുമാണ്. റോഡിന്റെ നടുവിൽ നിർത്തി ആളുകളെ കയറ്റുന്ന ബസിനെ അമിതവേഗത്തിൽ മറികടക്കുന്ന മറ്റ് ബസുകൾ ടൗണിൽ അപകടം ക്ഷണിച്ചുവരുത്തുകയുമാണ്.
ബസ്സുകൾ നിർത്താൻ കൃത്യമായൊരിടം നിശ്ചയിച്ച് നൽകാൻ പൊലീസ് /പഞ്ചായത്ത് അധികൃതർ തയ്യാറാകാന്നുമില്ല. മാഹിപ്പാലത്തിന് സമീപം പൊലീസ് എയ്ഡ് പോസ്റ്റ് നിലവിലുണ്ടെങ്കിലും, ഗതാഗതകുരുക്കിന് പരിഹാരമാവും വിധം ഇവിടെ ഡ്യൂട്ടിയിലുള്ള ഹോം ഗാർഡുമാരുടെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാവുന്നില്ല. ഡ്യൂട്ടിയിലുള്ള ഹോം ഗാർഡുമാർ എയ്ഡ് പോസ്റ്റിനകത്ത് ഇരുന്ന് സമയം കളയുകയാണ്.
നടപ്പാകേണ്ടത്
കേവലം ഹെൽമെറ്റ് വേട്ടമാത്രമാണ് ട്രാഫിക് നിയന്ത്രണമെന്ന പൊലീസിന്റെ കാഴ്ചപ്പാട് മാറണം.
എയ്ഡ് പോസ്റ്റിൽ പൊലീസുകാരുടെ സേവനം അധികൃതർ ഉറപ്പിക്കണം.
അമിതവേഗത്തിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകൾക്ക് മാഹിപ്പാലം പരിസരങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം.
വായിൽ ലഹരിയും കാതിൽ ഹെഡ്‌ഫോണും വച്ച് റോഡിനെ കുരുതിക്കളമാക്കുന്നവരെ പൊലീസ് പിടികൂടണം.
ചിത്രവിവരണം: പെട്രോൾ പമ്പിന് മുന്നിലെ വാഹനങ്ങളുടെ ക്യു റോഡിലേക്ക് നീണ്ടപ്പോൾ