പയ്യന്നൂർ: നാടിന്റെ വികസനത്തിനായി മാറ്റിപ്പണിത വെള്ളൂർ പഴയതെരു പോർക്കലി ക്ഷേത്രം ചതുർദിന പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം ഇന്ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വൈകീട്ട് 3.30 ന് വെള്ളൂർ ചാമക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് കലവറ നിറക്കൽ ഘോഷയാത്ര ആരംഭിക്കും. 6 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ടി.ഐ. മധുസൂദനൻ എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയായിരിക്കും. രാത്രി 8 ന് ദശാവതാരം ശാസ്ത്രീയ നൃത്താവിഷ്‌കാരം അരങ്ങേറും.
11ന് വൈകീട്ട് 4.30 ന് ക്ഷേത്രം തന്ത്രി ഉച്ചില്ലത്ത് കെ.യു. പത്മനാഭവാഴുന്നവരെ സ്വീകരിച്ച് ആനയിക്കും. 12 ന് രാവിലെ 10 ന് പതിനാല് നഗരം ക്ഷേത്രം സ്ഥാനീകരുടെ ആചാരസംഗമം പി.ടി. വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ഡോ. ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്യും.
13 ന് രാവിലെ 9.30 മുതൽ 10.30 വരെയുള്ള സമയത്താണ് പ്രതിഷ്ഠാ കർമ്മം. ഉച്ചക്ക് അന്നദാനവും വൈകീട്ട് സർവൈശ്വര്യ പൂജയും നടക്കും.
നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന് 40 സെന്റ് സ്ഥലമാണുണ്ടായിരുന്നത്. ഇതിൽ നിന്നും 18 സെന്റ് സ്ഥലമാണ് ദേശീയ പാതയ്ക്ക് വേണ്ടി അക്വയർ ചെയ്തത്. സ്ഥലം വിട്ടുകൊടുക്കുന്നതോടെ ക്ഷേത്രം മുഴുവായി തന്നെ മാറ്റി നിർമ്മിക്കേണ്ടി വന്നു. മാത്രമല്ല അതു വരെ കിഴക്കോട്ട് അഭിമുഖമായി ഉണ്ടായിരുന്ന ക്ഷേത്രം പുനർനിർമ്മിച്ചപ്പോൾ വാസ്തുശാസ്ത്ര പ്രകാരം മുഖം പടിഞ്ഞാറായി മാറുകയും ചെയ്തു. 1998 ൽ പുതുക്കിപ്പണിത ക്ഷേത്രമാണ് പൊളിച്ചു മാറ്റി ഇപ്പോൾ പുനർ നിർമ്മിച്ചത്.
വാർത്താ സമ്മേളനത്തിൽ എൻ. ഗംഗാധരൻ, പി.ടി. വിജയകുമാർ, കെ. ധനഞ്ജയൻ, ടി. അശോകൻ, കെ.വി. വിനീത് സംബന്ധിച്ചു.