കാസർകോട്: ഏകമകളെ തനിച്ചാക്കി ജയന്തി വേദനയുടെ ലോകത്ത് നിന്ന് യാത്രയായി. കറന്തക്കാട് കാവേരി ഹൗസിലെ ജയന്തി (50) അർബുദരോഗത്തെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ജയന്തി മാസങ്ങളായി ജനറൽ ആശുപത്രിയിലെ നാലുചുവരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുകയായിരുന്നു.
ഏകമകൾ പൂജയും ബന്ധുക്കളും ആശുപത്രിജീവനക്കാരും ഡോക്ടർമാരും മാത്രമാണ് സഹായത്തിനുണ്ടായിരുന്നത്. ഭർത്താവ് കൃഷ്ണൻ ആശുപത്രിയിൽ കഴിയുകയായിരുന്ന ജയന്തിയെ നാളിതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല.
മരണക്കിടക്കയിൽ കഴിയുമ്പോൾ ആശ്വാസവാക്കുകളുമായി ഭർത്താവ് വരുമെന്ന് ജയന്തി പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. രോഗത്തിന്റെ തീവ്രവേദനയ്ക്കൊപ്പം ജയന്തിക്ക് ഭർത്താവിന്റെ അസാന്നിദ്ധ്യം മറ്റൊരു വേദനയായി മാറി.
ജയന്തിയുടെ മരണത്തോടെ പൂജ അനാഥയായിരിക്കുകയാണ്. 11കാരിയായ പൂജ നെല്ലിക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥിനിയാണ്. പഠിക്കാൻ മിടുക്കിയായ ഈ പെൺകുട്ടി കറന്തക്കാട്ടെ ബന്ധുവീട്ടിലാണ് കഴിയുന്നത്. കളിച്ചും ചിരിച്ചും പഠിച്ചും കഴിയേണ്ട കാലത്താണ് പൂജ ഏകാന്തതയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നത്. പൂജയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ ധർമസങ്കടത്തിലാണ്.
കൃഷ്ണൻ വർഷങ്ങളായി ജയന്തിയെയും മകളെയും ഉപേക്ഷിച്ച മട്ടിലാണ് ജീവിക്കുന്നത്. വല്ലപ്പോഴും വീട്ടിൽ വന്നാൽ ഭാര്യയെ മർദ്ദിച്ച ശേഷം തിരിച്ചുപോകും. മകൾ പഠിച്ച് മിടുക്കിയായി നല്ല നിലയിൽ ജീവിക്കുന്നത് കാണാൻ ജയന്തി ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ ആ ആഗ്രഹം നടപ്പിലാകുന്നതിന് മുമ്പ് ജയന്തിയെ മരണം കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കറന്തക്കാട്ടെ ധൂമപ്പ പൂജാരിയുടെയും കാവേരിയുടെയും മകളാണ് ജയന്തി. സഹോദരങ്ങൾ; അശോകൻ, രാജേഷ്, ദേവകി, സുമതി, വിശാല.