കണ്ണൂർ: കെ റെയിൽ പദ്ധതി ഉപേക്ഷിക്കുക, ജനങ്ങളുടെ ആശങ്ക അകറ്റുക, കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയർത്തി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് നയിക്കുന്ന ''ഭരണകൂട കൈയേറ്റത്തിനെതിരെ ജനകീയ പ്രക്ഷോഭ യാത്ര'' 12,13 തീയതികളിൽ നടക്കും. ജാഥ 12ന് രാവിലെ 9ന് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും പരിസ്ഥിതി സാമൂഹ്യ പ്രവർത്തകൻ സി.ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കുഞ്ഞിമംഗലം, പഴയങ്ങാടി, ചെറുകുന്ന് തറ, ഇരിണാവ് ടൗൺ, പാപ്പിനിശ്ശേരി പഞ്ചായത്ത്, പാപ്പിനിശ്ശേരി കോൺഗ്രസ് ഓഫീസ് (കുടുംബ സംഗമം), വളപട്ടണം മന്ന ആർപ്പാൻതോട്, തളാപ്പ് പള്ളി എന്നിവടങ്ങളിലെ പര്യടനത്തിന് ശേഷം ആദ്യ ദിനം ജാഥ കണ്ണൂർ കാൾടെക്‌സിൽ സമാപിക്കുമെന്ന് മാർട്ടിൻ ജോർജ്ജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. സാമൂഹിക പ്രവർത്തകൻ കെ.സി ഉമേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും.
13ന് രാവിലെ 9ന് കണ്ണൂക്കരയിൽ നിന്നും ആരംഭിക്കുന്ന ജാഥയുടെ ഉദ്ഘാടനം കോർപ്പറേഷൻ
മേയർ അഡ്വ. ടി.ഒ മോഹനൻ നിർവ്വഹിക്കും. തുടർന്ന് താഴെചൊവ്വ, ചാല പടിഞ്ഞാറേക്കര, എടക്കാട് ബസാർ, മുഴപ്പിലങ്ങാട് കുളംബസാർ, ധർമ്മടം ഗേറ്റ്, പുന്നോൽ ഗേറ്റ്, മാഹിപാലം, എന്നീ കേന്ദ്രങ്ങൾക്ക് ശേഷം 5 മണിക്ക് തലശേരി പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കും.
സമാപന സമ്മേളനം കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.