കാസർകോട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മുൻതൂക്കം ലഭിക്കുമെന്നും വികസനവും കാഴ്ചപ്പാടുമാണ് അവിടെ ചർച്ചയെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. കാസർകോട്ട് നടക്കുന്ന ഐ.എൻ.എൽ സംസ്ഥാന സമ്മേളന പ്രഖ്യാപന റാലിയെ കുറിച്ച് വിശദീകരിക്കാൻ കാസർകോട് പ്രസ്‌ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.സി ജോർജിന്റെ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട വിഷയം വലിയ പ്രശ്നമാക്കേണ്ട ആവശ്യമില്ലെന്ന് കാസിം പറഞ്ഞു. ഹിന്ദുത്വവർഗീയത തന്നെയാണ് ഏറ്റവും വലിയ ഭീഷണിയായി ഐ.എൻ.എൽ കാണുന്നത്. ഇബ്രാഹിം സുലൈമാൻ സേട്ട് ഐ.എൻ.എൽ രൂപീകരിച്ചത് തന്നെ വർഗീയതയെ ശക്തമായി എതിർക്കാനാണ്. കെ റെയിൽ വന്നാൽ കേരളത്തിലുണ്ടാകുക വൻ പുരോഗതിയായിരിക്കുമെന്നും അതിന്റെ ഗുണഫലം കാസർകോടിന് കൂടി ലഭിക്കുമെന്നും കാസിം ഇരിക്കൂർ പറഞ്ഞു.
ഡിസംബറിൽ കോഴിക്കോട് നടത്തുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി 13 ന് കാസർകോട്ട് നടത്തുന്ന പ്രഖ്യാപന സമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുക്കും. വൈകുന്നേരം മൂന്നിന് ഗസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. പുതിയതായി പാർട്ടിയിൽ വരുന്നവർക്ക് അംഗത്വം നൽകും. വാർത്താസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ ബി. ഹംസ ഹാജി, വൈസ് പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാട്, സംസ്ഥാന സെക്രട്ടറി, എം.എ. ലത്തീഫ്, ജില്ലാ പ്രസിഡന്റ് ഹമീദ് ഹാജി, ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, എം. ഇബ്രാഹിം എന്നിവരും പങ്കെടുത്തു.