കാഞ്ഞങ്ങാട്: അപൂർവ്വങ്ങളായ 22 ഇനം മാമ്പഴങ്ങളുമായി മലബാർ മാംഗോ ഫെസ്റ്റ് 13ന് പടന്നക്കാട് കാർഷിക കോളേജിൽ ആരംഭിക്കുമെന്ന് ഡീൻ ഡോ. പി.കെ. മിനി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫിറാങ്കിലുടുവ, കുറ്റ്യാട്ടൂർ, കാൽപ്പാടി തുടങ്ങിയ മധുരം കിനിയുന്ന മാമ്പഴങ്ങൾ ഫെസ്റ്റിൽ സ്ഥാനം പിടിക്കും. രാവിലെ 10ന് ഇ. ചന്ദ്രശേഖരൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും. കാർഷിക സർവ്വകലാശാല വി.സി ഡോ. ആർ. ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തും.

മാമ്പഴ വിപണനത്തിന് പുറമേ സെമിനാർ, വൃക്ഷത്തൈ വിൽപ്പന, ഭക്ഷ്യ വൈവിധ്യങ്ങളുമായി ആർ.ടി.എസ്, കലാ സാംസ്‌കാരിക പരിപാടികൾ എന്നിവയും ഉണ്ടാകും. മേളയിൽ മഹാ മാംഗോ മത്സരവും ഒരുക്കിയിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ ഡോ. കെ.എം. ശ്രീകുമാർ, ഡോ. പി.കെ. സജീഷ്, മുഹമ്മദ് സുഹൈൽ, പി.കെ. ജസ്ന എന്നിവർ സംബന്ധിച്ചു.