lab
ജില്ലാ ആശുപത്രി ലാബ് കമ്പ്യൂട്ടറൈസേഷൻ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവ്വഹിക്കുന്നു

കണ്ണൂർ :പരിശോധന ഫലം കാത്ത് ഇനി മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ ജില്ലാ ആശുപത്രി ലാബ് സംവിധാനം കമ്പ്യൂട്ടർവൽക്കരിച്ചു. പരിശോധനക്കെത്തുന്ന രോഗികൾക്ക് പ്രത്യേക ബാർകോഡ് സംവിധാനമൊരുക്കുന്നതിലൂടെ തിരക്ക് പരമാവധി കുറക്കാനാകുമെന്ന് ഉദ്ഘാടനം നിർവഹിച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യ പറഞ്ഞു. ഇന്റർനെറ്റ് കണക്ഷൻ കൂടി ഒരുക്കിയാൽ പരിശോധന ഫലങ്ങൾ മെയിൽ ചെയ്യാനുള്ള സംവിധാനമാകുമെന്നും അവർ പറഞ്ഞു
ഒന്നിലധികം പരിശോധനകൾ നടത്തുന്ന രോഗികൾക്ക് ബാർകോഡ് സംവിധാനം കൂടുതൽ പ്രയോജനകരമാകും. പരിശോധന വിവരങ്ങൾ പ്രിന്റ് ചെയ്ത് പേരും വയസ്സും രേഖപ്പെടുത്തി ബാർകോഡ് ഒട്ടിച്ചാണ് നൽകുക. പരിശോധന സാമ്പിളുകളിലും ഇതേ സ്റ്റിക്കർ പതിക്കും. ഈ ബാർകോഡ് രോഗികൾക്ക് പിന്നീടും ഉപയോഗിക്കാം.
ദിവസേന അറുന്നൂറിലധികം പേർ വരുന്ന ജില്ലാ ആശുപത്രി ലാബ് കമ്പ്യൂട്ടർവത്ക്കരിക്കുന്നതിനും മെഷീൻ ഇന്റഗ്രേഷൻ സംവിധാനത്തിനുമായി ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയാണ് നൽകിയത്. സ്വകാര്യ ലാബുകളിൽ 1500 രൂപ വരെ ഈടാക്കുന്ന പരിശോധനകൾക്ക് 600 രൂപ വരെയാണ് ജില്ലാശുപത്രി ലാബിൽ ഈടാക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ.കെ .കെ രത്‌നകുമാരി, അഡ്വ.ടി സരള, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വി കെ രാജീവൻ, ജൂനിയർ സൂപ്രണ്ട് ടി. എ നളിനി തുടങ്ങിയവർ പങ്കെടുത്തു.