താലൂക്ക് വികസന സമിതി യോഗം ആർ.ടി.ഒക്ക് നിർദേശം നൽകി
കാസർകോട്: മുൻസിപ്പാലിറ്റി പ്രദേശത്ത് ഓട്ടോറിക്ഷകളിൽ ജൂൺ ഒന്ന് മുതൽ മീറ്റർ നിർബന്ധമാക്കാനും ചാർജ്ജ് ഷീറ്റ് ഓട്ടോയിൽ പ്രദർശിപ്പിക്കാനും കാസർകോട് താലൂക്ക് വികസന സമിതി യോഗം ആർ.ടി.ഒ.ക്ക് നിർദ്ദേശം നൽകി.
കാസർകോട് ഗവൺമെന്റ് യു.പി. സ്‌കൂളിലെ സ്ഥലപരിമിതി പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിലവിൽ 500 വിദ്യാർത്ഥികളുണ്ടെന്നും പുതിയ അദ്ധ്യയന വർഷം 500 ലധികം കുട്ടികൾ പുതിയതായി പ്രവേശനം നേടിയിട്ടുണ്ടെന്നും യോഗം അറിയിച്ചു. കാസർകോട് ഗവൺമെന്റ് ആയുർവ്വേദ ആശുപത്രിയിലെ പുതുതായി നിർമ്മിച്ച യോഗ ഹാളിന്റെ മുകളിലേക്ക് ഭീഷണിയായി നിൽക്കുന്ന പാഴ് മരം മുറിച്ചു മാറ്റാനുളള നടപടി സ്വീകരിക്കണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ യോഗത്തിൽ ആവശ്യപ്പെട്ടു. ചെർക്കള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് സ്ഥലപരിമിതി ഉളളതിനാൽ സ്‌കൂളിന് സമീപമുള്ള സർക്കാർ ഭൂമി സർവ്വെ നടത്തി സ്ഥലം സ്‌കൂളിന് വിട്ട് കൊടുക്കുന്നതിനുളള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
യോഗത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ഷമീറ, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ശാന്ത കുമാരി, കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസാളിഗെ, ഭൂരേഖ തഹസിൽദാർ മഞ്ജുഷ, വകുപ്പ്തല ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി. കൃഷ്ണൻ, മുഹമ്മദ് ഹനീഫ, ഉബൈദുളള കടവത്ത്, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, പി.കെ. മുഹമ്മദ്, സണ്ണി അരമന, കരുൺ താപ്പ, അബ്ദുൾ റഹിമാൻ ബാങ്കോട്, കെ.എം. ഹസൈനാർ, പ്രതിനിധി മൂസ ബി. ചെർക്കള തുടങ്ങിയവർ പങ്കെടുത്തു. തഹസിൽദാർ വി.എ. ജൂഡി സ്വാഗതവും ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ രമേശൻ നന്ദിയും പറഞ്ഞു.
വ്യാപക പരാതി
ഇന്ധന വിലവർദ്ധനവിനെ തുടർന്ന് ഓട്ടോ ചാർജ്ജ് വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഓട്ടോ മീറ്റർ മാറ്റാതെ തോന്നിയ വിധം ചാർജ്ജ് ഈടാക്കുന്നതായി വ്യാപകമായ പരാതി ഉയർന്നിരുന്നു. വിവിധ സംഘടനകളും ഇതിനെതിരേ രംഗത്തു വന്നിരുന്നു.