പയ്യന്നൂർ: പയ്യന്നൂർ - പെരിങ്ങോം പാതയിലെ വടവന്തൂർ പാലം നിർമ്മാണം ഇഴയുന്നതിനെതിരെ താലൂക്ക് വികസന സമിതി യോഗത്തിൽ പ്രതിഷേധം. നിർമ്മാണത്തിന് തൊഴിലാളികൾ കുറവാണെന്നും പ്രവൃത്തി മന്ദഗതിയിലാണെന്നും ഔദ്യോഗികമായി നടത്തേണ്ട നടപടികൾ ഉടൻ സ്വീകരിക്കണമെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ടി.ഐ. മധുസൂദനൻ എം.എൽ.എ. ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.

ജീവനക്കാരുടെ കുറവുമൂലം കൊവിഡിന് മുമ്പുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുകൾ പൂർണ്ണമായും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു. എന്നാൽ രവിലെ 4.45 ന് ജോസ്ഗിരിയിൽ നിന്ന് പയ്യന്നൂരിലേക്കുള്ള ബസ് സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. കാനം വയൽ - പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ ബസ് സർവ്വീസ് തുടങ്ങാൻ സാധിച്ചിട്ടില്ല.

നെൽവയൽ തരംമാറ്റലുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് റവന്യൂ ഡിവിഷണൽ ഓഫീസിൽ 5800 അപേക്ഷകൾ തീർപ്പാക്കാൻ ബാക്കിയുണ്ടെന്നും ആയത് തീർപ്പാക്കുന്നതിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 40 താൽക്കാലിക ജീവനക്കാരെയും വില്ലേജ് ഓഫീസർമാർക്ക് ഫീൽഡ് പരിശോധനക്ക് 13 വാഹനങ്ങളും അനുവദിച്ചിട്ടുണ്ടെന്നും മൂന്ന് മാസത്തിനകം അപേക്ഷകൾ തീർപ്പാക്കാൻ സാധിക്കുമെന്നും റവന്യൂ സീനിയർ സൂപ്രണ്ട് അറിയിച്ചു.

പയ്യന്നൂർ നഗരസഭയിലെ 22-ാം വാർഡിൽപ്പെട്ട വട്ടക്കുളം പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്നും പൂർത്തിയായ അളവിന് മാത്രമെ തുക അനുവദിക്കൂ എന്നും അദ്ധ്യക്ഷ കെ.വി. ലളിത യോഗത്തിൽ ഉയർന്നുവന്ന ചോദ്യത്തിന് മറുപടി നൽകി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വൽസല, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, എം.പിയുടെയും കല്യാശേരി എം.എൽ.എയുടെയും പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടിപ്രതിനിധികൾപങ്കെടുത്തു.

പെരിങ്ങോം വില്ലേജിൽ മിച്ചഭൂമി അനുവദിച്ചിട്ടും അളന്ന് കൊടുക്കാതിരുന്ന പ്രശ്നം പരിഹരിച്ചു. മുഴുവൻ പേർക്കും ഉപയോഗപ്പെടുന്ന തരത്തിൽ റോഡും നിർമ്മിച്ചിട്ടുണ്ട്. ഇത് യാഥാർത്ഥ്യമാക്കുന്നതിൽ റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്നും മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഉണ്ടായത്. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ പയ്യന്നൂർ ഉപജില്ല, സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച വിജയമാണ് കരസ്ഥമാക്കിയത്.

ടി.ഐ മധുസൂദനൻ എം.എൽ.എ