കാഞ്ഞങ്ങാട്: റോഡിന്റെ ഇരു അരികുകളും വാഹനങ്ങൾ നിരനിരയായി നിറുത്തി കൈയേറുമ്പോൾ കാൽനട യാത്രക്കാരുടെ ജീവന് കടുത്ത ഭീഷണി. കാൽനട യാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ടുന്ന സ്ഥിതിയാണ്. പുതിയകോട്ട ജംഗ്ഷനിലെ സ്ഥിതിയാണിത്. പുതിയകോട്ടയിൽ നിന്നും കുശാൽനഗറിലേക്ക് പോകുന്ന റോഡിന്റെ തുടക്കത്തിലാണ് വാഹന ബാഹുല്യം യാത്രക്കാരെ കുഴക്കുന്നത്.

മിനി സിവിൽ സ്‌റ്റേഷൻ, സബ് ട്രഷറി, നഗരസഭ, ആർ.ഡി.ഒ ഓഫീസ്, പൊലീസ് സ്‌റ്റേഷൻ എന്നിവയൊക്കെയും റോഡരികിലാണ്. ഇവിടങ്ങളിലേക്ക് പലവിധ ആവശ്യങ്ങളുമായി എത്തുന്നവർ വാഹനങ്ങൾ റോഡരികിൽ നിർത്തി ആവശ്യം നിറവേറ്റാൻ ഓഫീസുകളിലേക്ക് പോകുന്നു. അതോടൊപ്പം പൊലീസ് വിവിധ കേസുകളിലായി പിടികൂടുന്ന വാഹനങ്ങളും റോഡരികിൽ തന്നെ കിടക്കുകയാണ്. ഇരു ഭാഗത്തും വാഹനങ്ങളായതിനാൽ കാൽനട യാത്രക്കാരന് റോഡിലൂടെ മാത്രമേ നടക്കാൻ കഴിയുകയുള്ളൂ.

ഇതിനിടയിൽ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൂടിയാകുമ്പോൾ വഴിയാത്രക്കാരൻ ജീവന് വേണ്ടി പതറുന്ന കാഴ്ചയാണ് പതിവ്. ബസുകൾ ഉൾപ്പെടെ പോകുന്ന റോഡാണിത്. നിയമപാലകരുടെ കൺമുന്നിലാണ് ഗതാഗത കുരുക്കെങ്കിലും അവരും ഇതിനെതിരെ കണ്ണടയ്ക്കുകയാണെന്നാണ് യാത്രക്കാരുടെ ആക്ഷേപം.

അപകടങ്ങൾ കണ്ടിട്ടും

പഠിച്ചില്ല

ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ ഈ റോഡിൽ ഉണ്ടായിട്ടുണ്ട്. വലിയ ദുരന്തത്തിന് അധികൃതർ കാതോർക്കുകയാണോയെന്ന് നാട്ടുകാർ ചോദിക്കുന്നു. ഓഫീസുകളുടെ പ്രവർത്തന സമയങ്ങളിലാണ് വാഹനങ്ങൾ വരിവരിയായി നിർത്തിയിടുന്നത്. പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങളെങ്കിലും ഇവിടെ നിന്ന് മാറ്റിയാൽ ഉപകാരമാകും. ടൗണായിട്ടും ഒരേ സമയം ഒരേ ഭാഗത്ത് രണ്ടു വാഹനങ്ങൾക്ക് പോകാനുള്ള വീതി റോഡിനില്ല. ആർ.ഡി.ഒ, ഡിവൈ.എസ്.പി എന്നിവരുടെ ഓഫീസുകൾ ഈ റോഡിലാണ്.

നഗരസഭയിൽ ഉൾപ്പെടുന്ന റോഡിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകണം. നഗരസഭ ചെയർ പേഴ്സണും ഇക്കാര്യത്തിൽ ഇടപെടണം.

വാർഡ് കൗൺസിലർ വന്ദന ബൽരാജ്