കൂത്തുപറമ്പ്: കോട്ടയം പഞ്ചായത്തിലെ കാനത്തുംചിറയിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ. 20 ഓളംപേർ ആശുപത്രികളിൽ ചികിത്സ തേടി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് 50 ഓളം പേർ പങ്കെടുത്ത പിറന്നാൾ ആഘോഷം നടന്നത്. കടുത്ത ഛർദ്ദിയും, വയറിളക്കവുമാണ് മിക്ക ആളുകൾക്കും അനുഭവപ്പെട്ടതെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ളവർ പറഞ്ഞു. പൂക്കോട് ടൗണിലെ ഹോട്ടലിൽ നിന്നാണ് ബിരിയാണി ഉൾപ്പെടെ വിഭവങ്ങൾ എത്തിച്ചതെന്ന് പറയുന്നു. പിറന്നാൾ കേക്കും, ബിരിയാണിയുമാണ് വിളമ്പിയത്. ചിലർക്ക് രാത്രിയോടെയും ബുധനാഴ്ച കാലത്തും ലക്ഷണങ്ങൾ പ്രകടമായി. കോട്ടയം പഞ്ചായത്ത്, ആരോഗ്യ വിഭാഗം അധികൃതർ വീട്ടിലും ഹോട്ടലിലുമെത്തി സാമ്പിളുകൾ ശേഖരിച്ചു. പരിശോധനാ ഫലം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.