പഴയങ്ങാടി:കണ്ണൂരിന്റെ നെല്ലറയായ ഏഴോത്ത് ഇക്കുറി 60 ഹെക്ടറിൽ കൈപ്പാട് കൃഷി ഇറക്കും. ജനകീയ കൂട്ടായ്മയിൽ കുടുംബശ്രീ പ്രവർത്തകരാണ് കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പഞ്ചായത്തിലെ ഏഴോം ചൂട്ടയം,അവത്തെ കൈ,വള്ളാച്ചേരി,ചുള്ളിക്കര, ചെങ്ങൽ,കണ്ണോ, കൊട്ടില, കോട്ടക്കിൽ പ്രദേശങ്ങളിലാണ് കൈപ്പാട് നെൽകൃഷി നടത്തുന്നത്.
ഏഴോം ഒന്ന്, ഏഴോം നാല്, എന്നീ വിത്തുകളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.കര കണ്ടത്തിൽ ശ്രേയസ്സ് വിത്താണ് ഇറക്കുന്നത്. രാവിലെ 6 മുതൽ 12 വരെയാണ് കൈപ്പാട് കൃഷിക്ക് ആവശ്യമായ പൊറ്റ കൂട്ടൽ അഥവാ മൺകൂന ഉണ്ടാക്കുന്ന പ്രവൃത്തി നടക്കുന്നത്. കഴിഞ്ഞ വർഷം 51 ഹെക്ടറിലാണ് കൃഷി ഇറക്കിയത്. കൈപ്പാട് കൃഷി വിപുലീകരിക്കാൻ കാർഷിക ഗ്രുപ്പുകൾ, സന്നദ്ധ സംഘടനകൾ, പഞ്ചായത്തിലെ ജീവനക്കാർ എന്നിവരും രംഗത്തുണ്ട്.
പൊറ്റ കൂട്ടിയതിന് ശേഷം മഴ കനക്കുന്നതോടെ വിത്തിടും.വർഷം കഴി യുന്തോറും തരിശ് നിലം മുഴുവൻ കൃഷി ഭൂമി ആക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കാണ് ഏഴോം നീങ്ങുന്നത്. തരിശ് നിലം കൃഷി ചെയ്യാനും നേരത്തെ കൃഷി ചെയ്ത സ്ഥലത്ത് വീണ്ടും കൃഷി ചെയ്യാനും കൃഷി വകുപ്പ് പ്രോത്സാഹനമായി ഫണ്ട് നൽകുന്നുണ്ട്.