ഇരിട്ടി: ഒരു വർഷം മുൻപ് ഉദ്ഘാടനം ചെയ്തിട്ടും അടഞ്ഞുകിടന്ന ഇരിട്ടി താലൂക്ക് ആശുപത്രി ലക്ഷ്യ മാതൃ- ശിശു വാർഡ് ഒടുവിൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. 13ന് രാവിലെ 10 മണിക്ക് നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത വാർഡ് തുറന്ന് നൽകും. ദേശീയ ആരോഗ്യ ദൗത്യം (ലക്ഷ്യ) മുഖേന ലഭിച്ച 3.19 കോടി രൂപ ചെലവഴിച്ചാണ് കെൽ (കെ.ഇ.എൽ.എൽ) എന്ന ഏജൻസി മാതൃ- ശിശു ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് 2021 ഫെബ്രുവരി 22 ന് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. രണ്ടാഴ്ചക്കുള്ളിൽ ആവശ്യമായ ഡോക്ടർമാരേയും ജീവനക്കാരെയും നിയമിച്ചു കൊണ്ട് ഇതിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും ഒരു വർഷത്തിലേറെയായി അടഞ്ഞു തന്നെ കിടക്കുകയായിരുന്നു. ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവമായിരുന്നു ഇതിനു കാരണമായി പറഞ്ഞിരുന്നത്.
രണ്ടുമാസം മുൻപ് രണ്ട് ഗൈനക്കോളജിസ്റ്റുകളെ നിയമിച്ചതോടെ ഫെബ്രുവരി അവസാനത്തോടെ ഗൈനക്കോളജി ഒ.പി യുടെ പ്രവർത്തനം ആരംഭിച്ചിരുന്നു. ജോലിക്രമീകരണ വ്യവസ്ഥയിൽ ഒരു ഹെഡ് നഴ്‌സ്, അഞ്ച് സ്റ്റാഫ് നഴ്‌സ്, മൂന്ന് നഴ്‌സിംഗ് അസിസ്റ്റന്റ് , ഒരു ആശുപത്രി അറ്റന്റന്റ് ഗ്രേഡ് 2 , എന്നിവരെ പ്രവർത്തനത്തിനായി നിയമിച്ചു കഴിഞ്ഞു.
ഇതിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനായി നഗരസഭ 22 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ 10 ലക്ഷത്തോളം രൂപ വിലവരുന്ന ഒ.ടി ടേബിളും, ഒ.ടി ലൈറ്റുകളും വാങ്ങി സജ്ജീകരിച്ചു കഴിഞ്ഞു. 12 ലക്ഷത്തിലേറെ വിലവരുന്ന അനസ്‌തേഷ്യ വർക്ക് സ്റ്റേഷൻ അടുത്ത ദിവസം എത്തുന്നതോടെ ഗൈനക്കോളജി ഐ.പി പൂർണ്ണമായും പ്രവർത്തനക്ഷമമാകും.

പാവങ്ങൾക്ക് കൈത്താങ്ങാകും

ഇരിട്ടി ഗവ. ആശുപത്രി താലൂക്ക് ആശുപത്രി ആകുന്നതിനു മുൻപ് 2006 വരെ നിരവധി പ്രസവങ്ങളും അനുബന്ധ ചികിത്സകളും ഇവിടെ നടന്നിരുന്നു. ഒന്നരപ്പതിറ്റാണ്ട് മുടങ്ങിക്കിടന്ന ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനമാണ് കൂടുതൽ സൗകര്യങ്ങളോടെ പുനരാരംഭിക്കുന്നത്. ഇപ്പോൾ ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, നേത്രരോഗ വിഭാഗം എന്നീ സ്‌പെഷ്യാലിറ്റികൾ ഇവിടെ ലഭ്യമാണ്. 2019 മുതൽ ഡയാലിസിസ് യൂണിറ്റും നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. കാഷ്വാലിറ്റി വിഭാഗം 24 മണിക്കൂറും പ്രവർത്തനക്ഷമമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗൈനക്കോളജി ഐ.പി വിഭാഗം കൂടി പ്രവർത്തനമാരംഭിക്കുന്നതോടെ ആറളം ആദിവാസി പുനരധിവാസ മേഖല ഉൾപ്പെടെയുള്ള മലയോര മേഖലയിലെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ഇരിട്ടി താലൂക്ക് ആശുപത്രി കൈത്താങ്ങാകും.