akas
ആകാശ് തില്ലങ്കേരിയുംഅനുപമ ജയതിലകനുമായുള്ള വിവാഹചടങ്ങിൽ നിന്ന്

ചക്കരക്കല്ല് : സി.പി.എം മുൻ സൈബർ പോരാളിയും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധ കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരി വിവാഹിതനായി. ഇന്നലെ രാവിലെ പത്തരയ്ക്ക് ഏച്ചൂർ സി.ആർ. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് വാരം സ്വദേശിനിയും ഹോമിയോ ഡോക്ടറുമായ അനുപമ ജയതിലകന്റെ കഴുത്തിൽ ആകാശ് വരണമാല്യം അണിയിച്ചത്.

വധൂ വരൻമാരുടെ ബന്ധുമിത്രാദികളും ആകാശിന്റെ സുഹൃത്തുക്കളും സോഷ്യൽ മീഡിയ ഫോളോവേഴ്‌സുമടക്കം നൂറ് കണക്കിനാളുകൾ വിവാഹത്തിൽ പങ്കെടുത്തു. എന്നാൽ ആകാശ് നിലവിൽ പാർട്ടിയിൽ നിന്നും പുറത്തായതിനാൽ പി.ജയരാജൻ ഉൾപ്പെടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തിട്ടില്ല. കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതിയായ അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്തുകൂടിയാണ് ആകാശ്'. ആയങ്കിയെ അറസ്റ്റു ചെയ്തതിനു ശേഷം ആകാശിന്റെ തില്ലങ്കേരിയിലെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. എന്നാൽ തെളിവൊന്നും ലഭിക്കാത്തതിനാൽ കേസിൽ പ്രതിയാക്കി ചേർത്തിരുന്നില്ല. കരിപ്പൂർ സ്വർണക്കടത്തിലെ പ്രതിയായി അറസ്റ്റിലായതിനു ശേഷം സൈബർ പോരാളികളായ അർജുൻ ആയങ്കിക്കും ആകാശിനുമെതിരെ സി.പി.എം സ്വരം കടുപ്പിച്ചതോടെ ഇരുവരും പാർട്ടിക്കെതിരെയും ഡി.വൈ.എഫ്.ഐ ക്കെതിരെയും വിമർശനമുന്നയിച്ചിരുന്നു. ഇതിനെതിരെ ഡി.വൈ.എഫ്.ഐ നേതാക്കൾ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതും ച‌ർച്ചയ്ക്കിടയാക്കിയിരുന്നു.