തലശേരി: നഗരസഭയുടെ നേതൃത്വത്തിൽ പൊതുശുചീകരണം സജീവമാക്കുമ്പോൾ പുതിയ ബസ് സ്റ്റാൻഡിനടുത്ത ടാക്‌സി സ്റ്റാൻഡിൽ കാറിന്റെ ഡിക്കിയിൽ കൊണ്ടുവന്ന് ചാക്കിൽ കെട്ടിയ മാലിന്യം തള്ളി. കെട്ടുകളാക്കിയ മാലിന്യം തൊട്ടടുത്ത മിൽമ ബൂത്തിന്റെ പിറകിൽ തള്ളുന്നത് നഗരസഭ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടതോടെ കുറ്റക്കാരൻ കുടുങ്ങി. കതിരൂർ അഞ്ചാംമൈൽ സ്വദേശി കെ. പ്രഭാകരനെയാണ് പിടികൂടിയത്. മാലിന്യക്കെട്ടുകൾ തിരിച്ചെടുപ്പിച്ചു. കൂടെ പിഴ ശിക്ഷയും നൽകി.
ഹെൽത്ത് സൂപ്പർവൈസർ പ്രമോദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് നടപടി സ്വീകരിച്ചത്. ഇത്തരം കേസുകളിൽ നഗരസഭാ നടപടികൾക്ക് പുറമെ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ പെർമിറ്റ് റദ്ദ് ചെയ്യുന്ന നടപടികൾ സ്വീകരിക്കാൻ ശുപാർശ ചെയ്യുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.