elctirc-charging

89 പോൾ മൗണ്ടഡ് ഇലക്ട്രിക് വാഹന ചാർജിംഗ് സെന്ററുകൾ,
രണ്ട് ഫാസ്റ്റ് ചാർജിംഗ് സ്‌റ്റേഷനുകൾ

ഉദ്ഘാടനം 16ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും

കണ്ണൂർ :കെ.എസ്.ഇ. ബി ഇലക്ട്രിക് വാഹനങ്ങൾക്കായി ജില്ലയിൽ നിർമ്മാണം പൂർത്തീകരിച്ച 89 പോൾ മൗണ്ടഡ് ഇ വാഹന ചാർജിംഗ് സെന്ററുകളും കണ്ണൂർ ടൗൺ, വളപട്ടണം ഫാസ്റ്റ് ചാർജിംഗ് സ്‌റ്റേഷനുകളും 16ന് മയ്യിലിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകൾ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും വേണ്ടിയും ഫാസ്റ്റ് ചാർജിംഗ് സ്‌റ്റേഷനുകൾ നാല് ചക്ര വാഹനങ്ങൾക്ക് വേണ്ടിയുമാണ്. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ഇവയിൽനിന്ന് ചാർജ് ചെയ്യാം.
വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറിന്റെ ഇ-വാഹന നയത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും 62 ഫാസ്റ്റ് ചാർജിംഗ് സ്‌റ്റേഷനുകളും 1165 പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകളുമാണ് നോഡൽ ഏജൻസിയായ കെ.എസ്.ഇ.ബി സ്ഥാപിക്കുന്നത്. റീചാർജിംഗിനെക്കുറിച്ച് ആശങ്കയില്ലാതെ കേരളത്തിലുടനീളം വൈദ്യുതി വാഹനങ്ങളിൽ സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ചാർജിംഗ് സ്‌റ്റേഷൻ ശൃംഖല രൂപകൽപന . കുറഞ്ഞ ചിലവിൽ പോൾ മൗണ്ടഡ് സെന്റുകളിൽനിന്ന് ചാർജ് ചെയ്യാനാവും.

2020ൽ കെ.എസ്.ഇ.ബി സംസ്ഥാനത്ത് പൂർത്തിയാക്കിയ നാലുചക്ര വാഹനങ്ങൾക്കുള്ള ആറ് ചാർജിംഗ് സ്‌റ്റേഷനുകളിൽ ഒന്ന് കണ്ണൂരിൽ ചൊവ്വ സബ്‌സ്‌റ്റേഷൻ പരിസരത്തായിരുന്നു.ചാർജിംഗിനുളള മൊബൈൽ ആപ്ലിക്കേഷൻ ചാർജ് മോഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് 30 ലക്ഷം ചിലവിൽ നിർമ്മിച്ചത്. ഇ- ടെൻഡർ പ്രകാരം തിരഞ്ഞെടുത്ത ജെനസിസ് എൻജിനിയേഴ്‌സ് ആൻഡ് കോൺട്രാക്‌റ്റേഴ്‌സ് എന്ന സ്ഥാപനമാണ് പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകളുടെ നിർമ്മാണം നിർവ്വഹിച്ചത്. എല്ലാ ഇലക്ട്രിക് ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും ചാർജ്ജ് ചെയ്യാൻ ഈ സ്റ്റേഷനുകൾ ഉപയോഗിക്കാൻ സാധിക്കും. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലുമായി സ്ഥാപിച്ചതിനാൽ ഇവാഹന യാത്രികർക്ക് സൗകര്യപ്രദമായ ചാർജിംഗിന് ഇവ പര്യാപ്തമാണ്.

പത്തുമുതൽ 60 കിലോ വാട്ട് വരെ

നാല് ചക്ര വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളിൽ പത്തു കിലോ വാട്ട് മുതൽ 60 കിലോ വാട്ട് വരെ ശേഷിയുളള യൂണിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.പണമടയ്ക്കുന്നതും ചാർജിംഗ് സ്റ്റേഷന്റെ ലൊക്കേഷൻ, ,​ചാർജ്ജുകളുടെ ഘടന, ലഭ്യത എന്നിവ അറിയാൻ സാധിക്കുന്നതുമെല്ലാം മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ്. അഹമ്മദാബാദ് ആസ്ഥാനമായ ടൈറെക്‌സ് ട്രാൻസ്മിഷൻ എന്ന സ്ഥാപനമാണ് ഈ രണ്ട് ചാർജ്ജിംഗ് സ്റ്റേഷനുകളും നിർമ്മിച്ചിരിക്കുന്നത്. 59.4 ലക്ഷം രൂപയാണ് ചിലവ്.