photo-1
കണ്ണൂർ കോട്ടയിൽ ഫുഡ് കഫേയ്ക്കും ക്ലോക്ക് റൂമിനുമായി നിർമിച്ച കെട്ടിടം

കണ്ണൂർ: പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി കണ്ണൂർ സെന്റ് ആഞ്ചലോസ് കോട്ടയിലെ ഫുഡ് കഫേ. അടിസ്ഥാന സൗകര്യങ്ങളൊരുക്കി കൂടുതൽ സഞ്ചാരികളെ കോട്ടയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടെ ഫുഡ് കഫേ തുടങ്ങാൻ അധികൃതർ തീരുമാനിച്ചത്. ഇതിനായി ടിക്കറ്റ് കൗണ്ടറിന് സമീപത്തായി രണ്ട് കെട്ടിടങ്ങളും പണികഴിപ്പിച്ചു. ഇതിന്റെ നിർമ്മാണം പൂർത്തിയായിട്ട് ഏഴ് മാസം കഴിഞ്ഞ ഈ കെട്ടിടത്തിന്റെ ചുറ്റും കാടുകയറിയിരിക്കുകയാണ്.

നിലവിൽ കോട്ടയിലെത്തുന്നവർക്ക് കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ് കണ്ണൂർ കോട്ട. പൈതൃക സ്മാരകമായതു കൊണ്ട് കോട്ടയ്ക്ക് അകത്ത് ഭക്ഷണങ്ങളൊന്നും വിതരണം ചെയ്യാൻ പാടില്ലെന്നാണ് നിയമം. ഈ കാരണത്താൽ കോട്ടയ്ക്ക് അകത്ത് പ്രവർത്തിച്ചിരുന്ന പെട്ടികടകളെല്ലാം അധികൃതർ ഒഴിപ്പിച്ചു. നിലവിൽ സന്ദർശകർക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കാൻ ജില്ലാ ആശുപത്രി ജംഗ്ഷൻ വരെ പോകണം. കുടുംബസമേതം കോട്ടകാണാൻ എത്തുന്നവരാണ് പലപ്പോഴും വെട്ടിലാവുന്നത്. ദാഹം തോന്നിയാൽ കുടിവെള്ളത്തിനായി കോട്ടയ്ക്ക് പുറത്തിറങ്ങി ജില്ലാശുപത്രി ജംഗ്ഷൻ വരെ പോകേണ്ട ഗതികേടാണ്.

കോട്ടയ്ക്കുള്ളിൽ പെട്ടികടകൾ പ്രതീക്ഷിച്ച് പലരും ടിക്കറ്റ് എടുത്ത് അകത്തുകയറും. അകത്തുകയറുമ്പോഴാണ് ഭക്ഷണം ഒന്നും ലഭിക്കില്ലെന്ന് അറിയുന്നത്.ഇതുമൂലം ടിക്കറ്റെടുത്ത് അകത്ത് കയറിയവർ കോട്ടയുടെ ഭംഗി ആസ്വദിക്കാൻ കഴിയാതെ തിരിച്ചുമടങ്ങുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. ദിനം പ്രതി നൂറുകണക്കിനാളുകളാണ് ചരിത്രസാക്ഷിയായ കോട്ട സന്ദർശിക്കാനെത്തുന്നത്.


ഫീസിൽ പ്രതിഷേധം

കൊവിഡിന് മുൻപ് തന്നെ കോട്ടയിൽ പ്രവേശന ഫീസ് ഏർപ്പെടുത്തിയിരുന്നു. നാട്ടുകാർക്ക് 25 രൂപയാണ് ഫീസ്. 15 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യവും. വിദേശികളിൽ നിന്ന് 300 രൂപയും ഈടാക്കുന്നുണ്ട്. എന്നാൽ ഇതൊന്നും സന്ദർശകർക്ക് ആവശ്യമായ സൗകര്യം ഒരുക്കിക്കൊടുക്കുന്നതിനായി ഉപയോഗിക്കുന്നുമില്ല.