കൂത്തുപറമ്പ്: പിണറായി കേളാലൂരിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും പണം കവർന്ന കേസിൽ തോട്ടടയിലെ പി.എം മുഹമ്മദ് സാജിദിനെ പൊലീസ് പിടികൂടി. പിണറായി എസ്.എച്ച്.ഒ എ.കെ.രമ്യയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. വ്യാഴാഴ്ച ഉച്ചയോടെയാണ് കേളാലൂർ പുലരി ക്ലബിന് സമീപത്തെ എസ്.എസ് സ്റ്റോറിൽ മോഷണം നടന്നത്. കാറിൽ സാധനം വാങ്ങാനെത്തിയ അപരിചിതൻ സാധനങ്ങൾ വാങ്ങിപ്പോയ ശേഷം തിരിച്ച് കടയിലെത്തിയായിരുന്നു മോഷണം. കട ഉടമ നെല്യാടൻ ശ്രീധരൻ പിന്നീട് നോക്കിയപ്പോഴാണ് ബാഗിൽ സൂക്ഷിച്ചിരുന്ന 60,000 രൂപ നഷ്ടപ്പെട്ട വിവരം അറിയുന്നത്. എന്നാൽ തെളിവുകളൊന്നും തന്നെ അവശേഷിച്ചിച്ചിരുന്നില്ല. പ്രതി ചുവന്ന കാറിലെത്തിയ ആളാണെന്ന വ്യാപാരിയുടെ മൊഴി മാത്രമായിരുന്നു പൊലീസിന് ആശ്രയം. സിസി ടിവി കാമറയുടെ സഹായത്തോടെ കാർ കണ്ടെത്തുകയും പിന്നീട് കാർ പിന്തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. അഡീഷണൽ എസ്.ഐ സി.പി നസീർ, എ.എസ്.ഐ എ. വിനോദ്, സി.പി.ഒമാരായ രജീഷ്, സച്ചിൻ, ഷിബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കടയിലെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി.