തളിപ്പറമ്പ്: സർക്കാർ ഏറ്റെടുത്ത ശേഷം രോഗികൾക്ക് തൃപ്തികരമായ വിധം ചികിത്സ ലഭ്യമാക്കാൻ സാധിക്കാതെ പരിയാരം ദന്തൽ കോളേജ്. വടക്കേ മലബാറിൽ രോഗികളുടെ എന്ത് പ്രയാസങ്ങൾക്കും അന്തിമ ചികിത്സ നല്കേണ്ടുന്ന തലത്തിലേക്ക് ഉയരേണ്ട സ്ഥാനത്താണ് ദന്തൽ കോളേജിന് ചികിത്സ നല്കേണ്ടുന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുന്നത്. സർക്കാർ ഏറ്റെടുത്തതിന് ശേഷം കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ദന്തരോഗികളെത്തുന്ന കേന്ദ്രമായി പരിയാരം ദന്തൽ കോളേജ് മാറിയെന്നും പറയുന്നു.
എന്നാൽ, പലരും നിരാശരായി മടങ്ങേണ്ടുന്ന സ്ഥിതിയാണ്. ചികിത്സയ്ക്കാവശ്യമായ മെറ്റീരിയലുകൾ യഥാസമയം ലഭിക്കാത്തതാണ് പ്രധാന പ്രശ്നമായി പറയുന്നത്. സഹകരണ ഭരണസമിതിക്ക് കീഴിലായിരുന്നപ്പോൾ ഏത് മെറ്റീരിയലുകളും ആവശ്യപ്പെട്ടാലുടനെ ലഭ്യമായിരുന്നുവെങ്കിൽ ഇപ്പോൾ മാസങ്ങളോളം കാത്തിരിക്കേണ്ടിവരികയാണ്.
കേരളത്തിലെ മികച്ച ദന്തരോഗ വിദഗ്ദ്ധൻമാരുള്ള ഈ കോളേജ് ചികിത്സയുടെ കാര്യത്തിലും നേരത്തെ നമ്പർ വൺ ആയിരുന്നു. അതുകൊണ്ടാണ് മിക്ക രോഗികൾക്കും നിരാശരായി മടങ്ങേണ്ടിവരുന്നത്.
പി.ജി കോഴ്സിനായി സ്വന്തം ക്യാമ്പസ് അത്യാവശ്യം
2004ൽ ആരംഭിച്ച ദന്തൽ കോളേജിന് 18 വർഷം പിന്നിട്ടിട്ടും ഇതേവരെ എം.ഡി.എസ് -പി.ജി കോഴ്‌സ് ലഭിച്ചിട്ടില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. സ്വന്തമായി കെട്ടിടവും ക്യാമ്പസും ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യൻ ദന്തൽ കൗൺസിൽ പി.ജി. കോഴ്‌സിന് അനുമതി നൽകുകയുള്ളൂ. ഇവിടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് ദന്തൽ കോളേജ് പ്രവർത്തിക്കുന്നത്. നിലവിൽ 119 ഏക്കർ സ്ഥലമാണ് മെഡിക്കൽ കോളേജിന് ഉള്ളത്. ഒഴിഞ്ഞുകിടക്കുന്ന വിശാലമായ സ്ഥലങ്ങൾ ബാക്കിയുള്ളതിനാൽ ദന്തൽ കോളേജിന് പ്രത്യേകം കെട്ടിടം പണിയാൻ സ്ഥലം അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വടക്കേമലബാറിലെ ഏറ്റവും മികച്ച സർക്കാർ ദന്തചികിത്സാ കേന്ദ്രമാക്കി ഈ സ്ഥാപനത്തെ മാറ്റിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.