മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നാളെ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്നലെ വൈകുന്നേരം ആറുമണിക്ക് സമാപിച്ചു. ഉപതിരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിനും, യു.ഡി.എഫിനും അതീവനിർണായകമായതിനാൽ മുൻനിര നേതാക്കളുടെ നിര തന്നെ പ്രചാരണത്തിന് എത്തിച്ചേർന്നിരുന്നു. കുടുംബശ്രീ വായ്പാ അഴിമതി വിവാദത്തെ തുടർന്ന് ഇടതുമുന്നണി അംഗം രാജാമണി രാജി വെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.1048 വോട്ടർമാരുള്ള ഈ വാർഡ് ജയിച്ചാൽ എൽ.ഡി.എഫിന് അധികാരം നിലനിർത്താൻ സാധിക്കുമ്പോൾ, വിജയം യു.ഡി.എഫിനെ അധികാരത്തിലേറ്റും.

15 വാർഡുകളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ചു വീതം സീറ്റുകളും, എസ്.ഡി.പി.ഐക്ക് നാലുസീറ്റുമാണ് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറാം വാർഡിൽ യു.ഡി.എഫിനെ 91 വോട്ടിന് എൽ.ഡി.എഫ്. പരാജയപ്പെടുത്തിയപ്പോൾ ബി.ജെ.പി. മൂന്നാമതായി. പി.പി. ബിന്ദു (യു.ഡി.എഫ്), രമണി (എൽ.ഡി.എഫ്), സി. രൂപ (ബി.ജെ.പി.) എന്നിവരാണ് ഇപ്പോൾ ജനവിധി തേടുന്നത്.
കെ.പി.സി.സി. അദ്ധ്യക്ഷൻ കെ. സുധാകരൻ തന്നെ യു.ഡി.എഫിനായി അങ്കത്തട്ടിലിറങ്ങിയപ്പോൾ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിലാണ് എൽ.ഡി.എഫ്. പോരിനിറങ്ങിയത്. തെക്കെക്കുന്നുമ്പ്രം കോളനിയിലെ 40 ഓളം വീടുകളുടെ പട്ടയം ലഭിക്കാത്തതും, തകർച്ച നേരിടുന്ന ദുരവസ്ഥയും, കുടിവെള്ള ക്ഷാമവും മറ്റും ചൂണ്ടിക്കാട്ടി യു.ഡി.എഫ് വോട്ടു തേടുമ്പോൾ സംസ്ഥാന സർക്കാരിന്റെ വികസനവും കരുതലും ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണി വീടുകൾ കയറി വോട്ട് ചോദിക്കുന്നത്.