കണ്ണൂർ: പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി മുഖേന വായ്പയ്ക്കുള്ള സബ്‌സിഡി തുക ലഭിക്കാതെ ജില്ലയിൽ പ്രയാസമനുഭവിക്കുന്നത് 46 ചെറുകിട സംരംഭക യൂണിറ്റുകൾ. കേന്ദ്ര സർക്കാരിന്റെ എം.എസ്.എം.ഇ മന്ത്റാലയം നടപ്പാക്കുന്ന പദ്ധതിയാണിത്. കേരളാ ചെറുകിട സംരംഭക കൗൺസിലിന്റെ കണക്ക് പ്രകാരം കേരളത്തിൽ പരിശോധന പൂർത്തിയായ 400ൽ അധികം സംരംഭകർ സാമ്പത്തിക പ്രായാസം അനുഭവിക്കുന്നുണ്ട്. സെർവർ തകരാറാണ് സബ്‌സിഡി തുക ലഭിക്കാത്തതിന് കാരണമെന്നാണ് അധികൃതരുടെ വാദം.

പദ്ധതിയിൽ ഉൾപ്പെട്ട സംരംഭകരുടെ പരിശോധന നടത്തി സബ്‌സിഡി വായ്പ തുകയിൽ വകയിരുത്തുന്നതിനായി ബാങ്കുകൾക്ക് അനുമതി നൽകുന്നത് ഏജൻസി മുഖേനയാണ്. മുൻപ് ഖാദി ബോർഡ് മുഖേന ആയിരുന്നു പരിശോധന. ഇപ്പോൾ മുംബയ് ആസ്ഥാനമായുള്ള ഏജൻസിയാണ് പരിശോധനാ റിപ്പോർട്ട് നൽകുന്നത്. പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന ഒ.ടി.പി ബാങ്കിനു കൈമാറുന്നതിലൂടെയാണ് സബ്‌സിഡി തുക അനുവദിക്കുന്നത്.

കഴിഞ്ഞ ജനുവരി ആറു മുതലാണ് സബ്സിഡി മുടങ്ങിയത്. അനുവദിക്കുന്ന വായ്പാ തുകയിൽ തന്നെ 9 മുതൽ 13 ശതമാനം വരെ പലിശയാണ് പല ബാങ്കുകളും ഈടാക്കുന്നതെന്ന പരാതിയും സംരംഭകർക്കുണ്ട്. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ സിവിൽ കേസും പിന്നീടങ്ങോട്ട് വായ്പ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്കയിലും സബ്സിഡി തുക ഉൾപ്പെടെ വായ്പ മുഴുവൻ തിരിച്ചടക്കുകയാണ് സംരംഭകർ.

അബ്ദുൽ അസീസ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി,
കേരളാ ചെറുകിട സംരംഭക കൗൺസിൽ