മന്ത്രി സ്കൂൾ സന്ദർശിച്ചു
തൃക്കരിപ്പൂർ: എളമ്പച്ചി ഗുരു ചന്തുപ്പണിക്കർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പൈതൃക കെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യത്തിൽ പുരാവസ്തു - തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ വിദ്യാലയം സന്ദർശിച്ചു.
ബ്രിട്ടീഷ് ഭരണകാലത്ത് മദിരാശിയുടെ കീഴിൽ ദക്ഷിണ കാനറ ജില്ലയിൽ ആരംഭിച്ചതും 1917 ൽ എൽ.പി. സ്കൂളായി ഉയർത്തപ്പെട്ടതുമായ പൈതൃക കെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ പി.ടി.എയും ഇൻ ടാക്ക് കാസർകോട് ചാപ്റ്ററും നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം.
ജില്ലയുടെ തെക്കെ അറ്റമായ തൃക്കരിപ്പൂരിലെ നാടുവാഴി ബ്രാഹ്മണ കുടുംബമായ താഴക്കാട്ട് മന വക നൂറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച എഴുത്ത് പള്ളിക്കൂടത്തിന്റെ തുടർച്ചയായാണ് ഗുരു ചന്തുപ്പണിക്കർ സ്മാരക എളമ്പച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളായി വികസിച്ചത്. സ്കൂൾ അങ്കണത്തിൽ ഒത്തനടുവിൽ മൂന്നു കെട്ട് മാതൃകയിൽ മൂന്ന് ഭാഗം ക്ലാസ്സ് മുറികളും നടുവിൽ പൂന്തോട്ടവും നിർമ്മിച്ച് മേച്ചിൽ ഓടും അതിനടിയിൽ പലകയോടുമായി കമനീയയായി നിർമ്മിച്ച കെട്ടിടം കേരളത്തിന്റെ തനതായ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്.
1914- 15 കാലഘട്ടത്തിൽ കർണാടക ഡിസ്ട്രിക്റ്റ് ബോർഡ് പണിതതും 1917ൽ എൽ.പി. സ്കൂളായി മാറ്റിയതുമാണ് പ്രസ്തുത പൈതൃക കെട്ടിടം. കഥകളി ആചാര്യൻ ഗുരു ചന്തു പണിക്കരുടെ പേരിൽ അറിയപ്പെടുന്ന ആദ്യത്തെ സർക്കാർ വിദ്യാലയം എന്ന നിലയിലും ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ഈ പൈതൃക വിദ്യാലയം.
ദേശീയ പ്രസ്ഥാനത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവരും സാമൂഹ്യ-സാംസ്കാരിക രംഗത്ത് നിസ്തുല സംഭാവനകൾ അർപ്പിച്ചവരുമായ നൂറ് കണക്കിനാളുകൾ പഠിച്ച വിദ്യാലയമെന്ന ഖ്യാതിയും പൈതൃക കെട്ടിടത്തിന്റെ മേന്മ വർദ്ധിപ്പിക്കുന്നതാണെന്ന് വിവിധ സംഘടനകൾ മന്ത്രിക്ക് നൽകിയ നിവേദനങ്ങളിൽ ചൂണ്ടിക്കാട്ടി.
സ്കൂളിൽ സംഘടിപ്പിച്ച യോഗത്തിൽ പി.ടി.എ പ്രസിഡന്റ് പി. പ്രസാദ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ എം. മനു, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.എൻ.വി ഭാർഗവി, വി.പി സുനീറ, കെ. സുധീഷ്, സ്കൂൾ പ്രിൻസിപ്പൽ സി.കെ ഹരീന്ദ്രൻ, പ്രഥമാധ്യാപിക പി. ലീന, ഇൻടാക് കൺവീനർ ഡോ. വി. ജയൻ, എം.പി കരുണാകരൻ, കെ.വി അമ്പു, കെ. രഘുനാഥ്, ഇ.ജി ബഷീർ, ടി.വി വിനോദ് തുടങ്ങിയവർ സംസാരിച്ചു.
എളമ്പച്ചി ഗുരു ചന്തു പണിക്കർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ആർക്കിയോളജി വകുപ്പിനെക്കൊണ്ട് സംരക്ഷണ പ്രവർത്തനം നടത്തി സ്കൂളിന് പ്രസ്തുത കെട്ടിടം വിട്ടുനൽകും മന്ത്രി അഹമ്മദ് ദേവർ കോവിൽ