തലശേരി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ അന്വേഷിച്ചെത്തിയ പൊലീസിന്റെ കണ്ണ് വെട്ടിച്ച് യുവാവ് രക്ഷപ്പെട്ടത് സിനിമാ സ്റ്റൈലിൽ. അയൽവീട്ടിലെ ഇരുചക്രവാഹനവും വസ്ത്രങ്ങളും തട്ടിയെടുത്താണ് ഇയാൾ തന്ത്രപരമായി കടന്നത്. വെളിയാംപറമ്പ് കോളനി നിവാസിയായ യുവാവിനെ തേടിയാണ് ആറളം പൊലീസ് ഞായറാഴ്ച പുലർച്ചെ ചോനാടം കൊടക്കളം സ്കൂളിനടുത്തുള്ള വീട്ടിൽ എത്തിയത്. യുവാവ് വെളിയംപറമ്പ് കോളനിയിൽ നിന്നും മുങ്ങി സഹോദരിയുടെ ചോനാടത്തുള്ള വാടക വീട്ടിലായിരുന്നു താമസം. പൊലീസ് എത്തിയതായി മനസിലായതോടെ പെട്ടെന്ന് പിൻവശത്ത് കൂടി രക്ഷപ്പെട്ട് അയൽവീട്ടിലെ സ്കൂട്ടറുമായി രക്ഷപ്പെടുകയായിരുന്നു. ഈ വീട്ടിലെ രണ്ട് വീതം ഷർട്ടും പാൻസും കാണാതായിട്ടുണ്ട്.