കാസർകോട്: കേരളത്തിന് കിരീടം സമ്മാനിച്ച സന്തോഷ് ട്രോഫി താരങ്ങൾക്ക് കാസർകോട് ജില്ല ആദരവ് നൽകുന്നു. ജില്ലാ ഫുട്‌ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 21 ന് രാവിലെ 11 ന് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ സന്തോഷ് ട്രോഫി നേടിയ ടീമിനൊപ്പം കോച്ചുമാർ, മാനേജർ, ടീം ഫിസിയോ എന്നിവരും പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും താരങ്ങളെ ഘോഷയാത്രയായി സ്വീകരിച്ച് ആനയിക്കും. സ്വീകരണ ഘോഷയാത്രയിലും പരിപാടികളിലും ജില്ലയിലെ മുഴുവൻ ഫുട്‌ബാൾ ക്ളബുകളിലെയും അക്കാഡമികളിലെയും താരങ്ങൾ അണിനിരക്കും. അസോസിയേഷൻ ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, ഡി എഫ് എയുടെ കീഴിലുള്ള 42 ക്ലബുകളുടെ ഭാരവാഹികൾ, ജില്ലാ സബ് ജൂനിയർ, ജൂനിയർ, സീനിയർ വനിതാ ടീം അംഗങ്ങൾ ഉൾപ്പെടെ കളിക്കാർ ജേഴ്സി അണിഞ്ഞുകൊണ്ടുതന്നെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേരും. സമ്മേളനത്തിൽ എം.പി, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പൽ ചെയർമാൻ, കളക്ടർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, മുൻ സന്തോഷ് ട്രോഫി സംസ്ഥാന താരങ്ങൾ, ദേശീയ താരങ്ങൾ തുടങ്ങിയവരും പങ്കെടുക്കും. കേരള ഫുട്ബാൾ അസോസിയേഷന്റെ നിർദ്ദേശ പ്രകാരം എല്ലാ ജില്ലയിലും നടക്കുന്ന സ്വീകരണ പരിപാടിയുടെ തുടക്കമാണ് കാസർകോട്ട് നടക്കുന്നത്. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വീരമണി ചെറുവത്തൂർ, സെക്രട്ടറി ടി.കെ.എം മുഹമ്മദ് റഫീഖ് പടന്ന, ട്രഷറർ അഷ്‌റഫ് ഉപ്പള, മുൻസിപ്പൽ കൗൺസിലർ സിദ്ദിഖ് ചക്കര എന്നിവർ പങ്കെടുത്തു.