കാഞ്ഞങ്ങാട്: റോഡ് നിർമ്മാണത്തിനിടെ ചെലവുചുരുക്കാൻ ഉപയോഗിച്ച ചെറിയ പൈപ്പ് അടഞ്ഞ് വെള്ളമൊഴുക്ക് നിലച്ചതോടെ കൃഷി ചെയ്യാനാകാതെ കർഷകർ.
പുല്ലൂർ കൊടവലം പടാങ്കോട്ട് റോഡിലെ വയലിൽ സ്ഥാപിച്ച പൈപ്പാണ് ചെളിമൂടിയത്. കൊടവലം കൊമ്മട്ട അണക്കെട്ടിൽ നിന്നും നൂറ്റാണ്ടുകളായി വെള്ളം ഒഴുകിയിരുന്ന തോടിലാണ് ഏതാനും വർഷം മുൻപ് ചെറിയ പൈപ്പിട്ട് മുകളിൽ മണ്ണിട്ട് നികത്തി റോഡ് വന്നത്. അടിയിൽ കോൺക്രീറ്റ് ചെയ്ത് ഉയർത്തിയതോടെ വെള്ളമൊഴുക്ക് കുറഞ്ഞു. അതോടെ പടാങ്കോട്ട് വയലിലെ കൃഷി മഴക്കാലത്ത് മാത്രമായി ചുരുങ്ങി.
2018- 19 വർഷം എം.എൽ.എ ഫണ്ടിൽ നിന്നും റോഡിനായി തുക അനുവദിച്ചപ്പോൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് കർഷകർക്ക് വിനയായത്. ഇനി ഇവിടെ കൽവർട്ട് പണിയണമെങ്കിലും 15 ലക്ഷം രൂപയെങ്കിലും കണ്ടെത്തേണ്ടി വരും. നേരത്തെ തൊഴിലുറപ്പുകാരൊക്കെ തോട്ടികൊണ്ട് കുത്തിയിളക്കിയാണ് പൈപ്പിലെ മണ്ണ് ഇളക്കിവിട്ടത്. ഇപ്പോൾ ഇത് കൊണ്ടൊന്നും ചെയ്യാൻ പറ്റാതെയായി.
അണക്കെട്ട് മുതലുള്ള തോടിന് ഇരുവശവും കെട്ടി ഉയർത്തിയ ശേഷം ഇവിടെ കൾവർട്ട് പണിയണം. അല്ലെങ്കിൽ കരയിടിഞ്ഞ് വെള്ളം ഒഴുക്ക് തടസപ്പെടും.
കർഷകൻ എ രാജേഷ്.
വയലിൽ പണ്ടൊക്കെ മൂന്ന് വിള കൃഷി ചെയ്തതാണ്. റോഡ് വരുന്ന കാലത്ത് ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ ദുരിതം ഉണ്ടാകില്ലായിരുന്നു. എത്രയും വേഗം പരിഹാരം കാണണം.
ടി ഗോപാലൻ