കണ്ണൂർ: ജില്ലയിലെ അഞ്ച് തദ്ദേശവാർഡുകളിലേക്ക് ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വിധി ഇന്നറിയാം. കണ്ണൂർ കോർപറേഷനിലെ കക്കാട് (വാർഡ് 10), പയ്യന്നൂർ നഗരസഭയിലെ മുതിയലം(9), കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (9), മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെക്കെകുന്നുമ്പ്രം(6), മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി (5) എന്നിവടങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.ഇതിൽ വാശിയേറിയ പോരാട്ടം നടക്കുന്ന വാർഡുകൾ തെക്കെകുന്നുമ്പ്രവും നീർവേലിയുമാണ്. രാവിലെ ഉപതിരഞ്ഞെടുപ്പിനെ പ്രതികൂല കാലാവസ്ഥ ബാധിച്ചിരുന്നുവെങ്കിലും മഴയൽപ്പം വിട്ടു നിന്നതോടെ ബൂത്തുകൾ സജീവമായി.
ശക്തമായ ത്രികോണമത്സരം നടന്ന തെക്കെകുന്നുമ്പ്രത്തെ വിജയം മുഴപ്പിലങ്ങാട് ഭരണചക്രം തിരിക്കുന്നത് ആരെന്നു തീരുമാനിക്കും. ആകെയുള്ള 15 വാർഡുകളിൽ എൽ.ഡി. എഫ്(5) യു.ഡി. എഫ് (5) എസ്.ഡി.പി.ഐ (4) എന്നിങ്ങനെയാണ് ഇവിടെ കക്ഷിനില. നിലവിൽ പഞ്ചായത്ത് ഭരിക്കുന്ന എൽ.ഡി.എഫിലെ രാജാമണിയുടെ രാജിയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ, രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി ബലറാം എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ കളത്തിലിറങ്ങിയ മുഴപ്പിലങ്ങാട് ഭരണം തിരിച്ചുപിടിക്കുകയെന്നത് യു.ഡി.എഫിന് അനിവാര്യമാണ്. ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിലാണ് ഇവിടെ തിരഞ്ഞെടുപ്പ് ഏകോപനം നിർവഹിച്ചത്. എന്നാൽ മുഴപ്പിലങ്ങാട്ടെ എൽ.ഡി.എഫ് ഭരണം നിലനിർത്തേണ്ടത് സി.പി.എമ്മിനെ സംബന്ധിച്ച് അഭിമാനപോരാട്ടങ്ങളിലൊന്നാണ്. ജില്ലാസെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിൽ പാർട്ടി സംഘടനാശക്തി മുഴുവൻ ഉപയോഗിച്ചാണ് ഇവിടെ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. മത്സരത്തിലെ വീറും വാശിയും വോട്ടെടുപ്പിലും പ്രകടമായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ 55 ശതമാനം പോളിംഗ് ഇവിടെ രേഖപ്പെടുത്തി.
നീർവേലി യു.പി സ്‌കൂളിലാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിക്ക് പഞ്ചായത്തിൽ ഏക പ്രാതിനിധ്യമുള്ള വാർഡുകളിലൊന്നാണിത്. കഴിഞ്ഞ തവണ 73 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പിയിലെ സി.കെ ഷീന വിജയിച്ചത്. ഇവരുടെ അകാലവിയോഗത്തോടെയാണ് ഉപതിരഞ്ഞെടുപ്പുവേണ്ടി വന്നത്. ഇക്കുറി ബിജു ഒറേക്കണ്ടി (എൻ.ഡി. എ) കെ. സുരേഷ് കുമാർ (എൽ.ഡി. എഫ്) എം.പി മമ്മൂട്ടി (യു.ഡി.എഫ്) ആഷീർ (എസ്.ഡി. പി. ഐ) എന്നിങ്ങനെ നാലുപേരാണ് മത്സരിക്കുന്നത്. യു.ഡി. എഫിന് മുൻതൂക്കമുള്ള കണ്ണൂർ കോർപറേഷനിലെ കക്കാട് വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഇത്തവണ പോളിംഗ് കൂടി. കഴിഞ്ഞ തവണ 65 ശതമാനമായിരുന്നുവെങ്കിൽ ഇക്കുറി 69.83 ശതമാനമായി പോളിംഗ് ഉയർന്നിട്ടുണ്ട്. ഒന്നാം ബൂത്തിൽ 829 പേരും രണ്ടാം ബൂത്തിൽ 978 പേരും ഇവിടെ വോട്ടുചെയ്തു.