നീലേശ്വരം: കേരളീയ വാസ്തു ശില്പ മാതൃകയിൽ അതിമനോഹരമായി നിർമ്മിച്ച കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ ടെർമിനൽ ഉദ്ഘാടനത്തിനൊരുങ്ങി.
135 മീറ്റർ നീളത്തിൽ, നാല് ലവലുകളുള്ള മൂന്ന് ജെട്ടികളും വാക്ക് വേയും വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും പ്രകൃതിഭംഗി ആസ്വദിക്കാൻ കരിങ്കല്ലുകൾ കൊണ്ട് നിർമ്മിച്ച ഇരിപ്പിടങ്ങളോടെയുള്ള സൈറ്റ് സീയിംഗ് ഏരിയയും പ്രത്യേകതകളാണ്. പ്രശസ്ത ആർക്കിടെക്റ്റ് മധു കുമാറാണ് പദ്ധതി ഡിസൈൻ ചെയ്തത്.
ടെർമിനൽ സൈറ്റിലേക്ക് സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി മുപ്പത് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിതി കേന്ദ്രത്തിന്റെ ന്വേതൃത്വത്തിൽ നടക്കുന്ന റോഡ് പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. ഒരു മാസത്തിതിനകം ടെർമിനൽ ഉദ്ഘാടനം ചെയ്യാനാകുമെന്ന് നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി പറഞ്ഞു.
2001-ലാണ് ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബേക്കൽ റിസോർട്ട്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ കോട്ടപ്പുറം കേന്ദ്രീകരിച്ച് രണ്ട് ഹൗസ് ബോട്ടുകളുമായി ക്രുയിസ് ആരംഭിച്ചത്. ഇന്ന് 50ഓളം ഹൗസ് ബോട്ടുകൾ ഇവിടെ സർവീസ് നടത്തുന്നുണ്ട്. നീലേശ്വരം നഗരസഭയുടെ നിർദ്ദേശത്തിൽ എം.രാജഗോപാലൻ എം.എൽ.എയുടെ ശ്രമഫലമായി സംസ്ഥാന സർക്കാറിന്റെ മലനാട് റിവർ ക്രൂയിസ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച എട്ട് കോടി രൂപ ഉപയോഗിച്ചാണ് ഹൗസ് ബോട്ട് ടെർമിനൽ പൂർത്തിയാക്കിയത്.