uni

കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് കൂടുതൽ അദ്ധ്യാപക തസ്തികകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. വിവിധ കാമ്പസുകളിലെ 19 വകുപ്പുകളിലായി 36 അദ്ധ്യാപക തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. ഇതിൽ അഞ്ചെണ്ണം അസോസിയേറ്റ് പ്രൊഫസർ തസ്തികയും 31 എണ്ണം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയുമാണ്. സർവകലാശാലയുടെ രജതജൂബിലി ആഘോഷവേളയിൽ കൂടുതൽ മധുരം പകരുന്നതാണ് മന്ത്രിസഭാ തീരുമാനം.

സ്ഥിരം അദ്ധ്യാപകരുടെ അഭാവം ഉണ്ടാക്കുന്ന പ്രശ്‌നം സർവകലാശാല നിരന്തരം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തു‌ട‌‌‌‌ർന്നാണ് തീരുമാനം. നിലവിലെ സാമ്പത്തിക സ്ഥിതിയിലും അദ്ധ്യാപക തസ്തികകൾ അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിൽ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ സന്തോഷം രേഖപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ നൽകുന്ന പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

കണ്ണൂർ, കാസർകോട് ജില്ലകളിലും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലുമായി പ്രവർത്തിക്കുന്ന കണ്ണൂർ സർവകലാശാലയ്ക്ക് മേഖലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിർണായകമായ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. എട്ട് ക്യാമ്പസുകളിലായി 29 പഠന വകുപ്പുകളും വിവിധ സെന്ററുകളും നിലവിലുണ്ട്. അക്കാഡമിക മികവ് വർദ്ധിപ്പിക്കുന്നതിനും സർവകലാശാലാ പ്രവർത്തനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും മന്ത്രിസഭാ തീരുമാനം സഹായകമാകും.