കാഞ്ഞങ്ങാട്: മഴ കനത്തതോടെ വീട് പിടിക്കാനെത്തി ഓട്ടുറുമകൾ. റബ്ബർ മരങ്ങളുടെ വാടിയ തളിരിലകൾ ആഹാരമാക്കിയും വീണുകിടക്കുന്ന കരിയിലകൾക്കിടയിൽ മുട്ടയിട്ടുമാണ് ഓട്ടുറുമകൾ ജീവിക്കുന്നത്. മുപ്ലിവണ്ടെന്നും കരിഞ്ചെള്ളെന്നുമൊക്കെ പേരുകളുണ്ടിതിന്. റബ്ബറിന്റെ ഇലപൊഴിയും കാലത്തു തുടങ്ങി മഴക്കാലം വരെയാണ് ഇവയുടെ വ്യാപനകാലം. മഴയും തണുപ്പും ഇവയ്ക്ക് പ്രതികൂലമായതിനാൽ മഴ പെയ്തുതുടങ്ങുമ്പോൾ നേരെ തൊട്ടടുത്ത വീടുകളിലേക്ക് ചേക്കേറും.

മുൻകാലങ്ങളിൽ ഓടിട്ട വീടുകളിലെ മേൽക്കൂരയിലൊട്ടി നില്ക്കുകയായിരുന്നു പതിവ്. ഓട്ടുറുമ എന്ന പേര് ഇങ്ങനെ കിട്ടിയതാണ്. തീയോ വെളിച്ചമോ കണ്ടാൽ നേരെ അതിനടുത്തേക്ക് പറന്നുവീഴും. മുറിക്കകത്ത് വെളിച്ചത്തിരുന്ന് ഭക്ഷണം കഴിക്കാനോ പാകംചെയ്യാനോ പഠിക്കാനോ കഴിയാത്ത അവസ്ഥയാണ്. ഇവയിൽനിന്നുള്ള രൂക്ഷഗന്ധമുള്ള സ്രവം ദേഹത്തുവീണാൽ ശക്തികുറഞ്ഞ ആസിഡ് വീണതുപോലെ അവിടം പൊള്ളുന്ന അവസ്ഥയുമുണ്ട്. ആസിഡ് ഫ്‌ളൈ എന്നുതന്നെയാണ് ഇംഗ്ലീഷിൽ ഇവ അറിയപ്പെടുന്നത്.

മലയോര മേഖലകളിലാണ് കൂടുതലും കാണപ്പെടുന്നത്. മലയോരമേഖലയിൽ പലയിടത്തും ആദ്യമഴക്കാലത്ത് സന്ധ്യാസമയമാകുമ്പോൾ വീടിനകത്തെ വിളക്കുകളെല്ലാം അണച്ച് പുറത്ത് തീയിടാറുണ്ട്. റബ്ബർ തോട്ടങ്ങളും നാട്ടിൻപുറങ്ങളും പിന്നിട്ട് ഇപ്പോൾ നഗരപ്രദേശങ്ങളിൽ പോലും ഓട്ടുറുമകൾ പെരുകിയിരിക്കുന്നു.

കോൺക്രീറ്റ് കെട്ടിടങ്ങളും ഒഴിവാക്കുന്നില്ല

മാവ് ഉൾപ്പെടെയുള്ള മരങ്ങളിൽ തളിരിലകൾ വരുന്ന കാലത്ത് ആവാസമുറപ്പിക്കുന്ന ഇവ മഴ പെയ്തു തുടങ്ങുമ്പോൾ നേരെ തൊട്ടടുത്ത വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും കയറി താവളമാക്കുകയാണ്. സിമന്റ് തേക്കാത്തതും ഓടിട്ടതുമായ കെട്ടിടങ്ങളോടാണ് കൂടുതൽ പഥ്യമെങ്കിലും ഇപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങളിലും ഇവ വന്നുനിറയാൻ തുടങ്ങിയിട്ടുണ്ട്. ഇവയെ തുരത്തുന്നതിനായി പലരും മരുന്നുകളും സ്‌പ്രേകളും ഉപയോഗിക്കുന്നുണ്ടെങ്കിലും വീടിനകത്ത് അവ പ്രയോഗിക്കുന്നതിന് പരിധിയുണ്ട്.

മണ്ണെണ്ണ കൊണ്ട് ഓടിക്കാം

ഓട്ടുറുമകൾ കൂടിനില്ക്കുന്നിടത്ത് മണ്ണെണ്ണ തെളിക്കുകയാണ് പൊതുവേ അംഗീകരിക്കപ്പെട്ട ഒരു പ്രതിരോധ മാർഗം. പെട്രോളും കുമ്മായവും കലർത്തിയ മിശ്രിതവും ഉപയോഗിക്കാറുണ്ട്. രണ്ടു വഴിയിലായാലും കൂട്ടത്തോടെ ചാകുന്ന ഓട്ടുറുമകളെ തൂത്തുവാരി കുഴിച്ചിടുകയാണ് പതിവ്. വീര്യമേറിയ സോപ്പുലായനി തെളിച്ചാലും ഇവയെ തുരത്താനാകും.