മാഹി: പേരിൽ 'സെമി ഡീലക്സ്". അതിനൊത്ത ടിക്കറ്റ് ചാർജ്ജും. എന്നാൽ, ലോക്കൽ ബസിന്റെ സൗകര്യം പോലുമില്ല പുതുച്ചേരിയിൽ നിന്നും മാഹിയിലേക്കുള്ള സർക്കാർ വക ദീർഘദൂര ബസിന്. യാത്രക്കാർ ചാർജ്ജിൽ തന്നെ കൊള്ളയടിക്കപ്പെടുകയാണ്.
645 കിലോമീറ്രർ ദൂരം യാത്ര ചെയ്യേണ്ടവർ ഒരു ഭാഗത്ത് മൂട്ട കടി സഹിക്കണം. ഇതിന് പുറമെ മഴ പെയ്താൽ വെള്ളമത്രയും ബസിനകത്തായിരിക്കും. കുട ചൂടാതെ നേരം വെളുപ്പിക്കാനാവില്ല. ചെറിയ സമയമൊന്നുമല്ല, പന്ത്രണ്ട് മണിക്കൂറിലേറെ ഓടേണ്ട ബസാണിത്. പത്ത് വർഷത്തിലേറെ പഴക്കമുള്ള ബസ് പലപ്പോഴും പാതി വഴിയിൽ ബ്രേക്ക് ഡൗണാകും. ഓട്ടത്തിൽ ടയർ തെറിച്ച് പോയ സംഭവവും ഉണ്ടായിട്ടുണ്ട്.
മൊട്ട ടയറിലാണ് രണ്ടും കൽപ്പിച്ചുള്ള ഓട്ടം. പൊട്ടിപ്പൊളിഞ്ഞ തുരുമ്പിച്ച ബസിൽ തട്ടി മുറിവ് പറ്റിയാൽ ടി.ടി.യും അടിക്കേണ്ടി വരും. സാധാരണ ഇത്തരം ദിർഘദൂര ബസുകൾ അഞ്ച് വർഷം കഴിഞ്ഞാൽ മാറ്റിയിടേണ്ടതാണ്. പിന്നീട് അവ ലോക്കൽ സർവീസിന് ഉപയോഗിക്കുകയാണ് പതിവ്.
₹725 കൊള്ള തന്നെ
ലോക്കൽ ബസിന്റെ സൗകര്യം പോലുമില്ലാത്ത ബസിന് സെമി ഡീലക്‌സ് എന്ന ഓമനപ്പേരും നൽകി 725 രൂപയാണ് യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. വിദ്യാർത്ഥികളും, ഉദ്യോഗസ്ഥരുമുൾപ്പെടെ നിത്യേന നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ബസാണിത്. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് പുതുച്ചേരിയിലേക്ക് മാഹിയിൽ നിന്ന് ട്രെയിൻ സർവീസുള്ളൂ. മാഹിയിൽ ലോക്കൽ സർവീസ് നടത്തുന്ന ബസുകൾക്കും 15 വർഷത്തിലേറെ പഴക്കമുണ്ട്. മിക്കതിന്റേയും സീറ്റുകൾ പോലും കീറിപ്പറിഞ്ഞ് കിടപ്പാണ്.
പാലക്കാട് കഴിഞ്ഞാൽ ലോക്കൽ ബസ് പോലെ യാത്രക്കാരെ കുത്തിനിറയ്ക്കുകയാണ്. നിലത്ത് ഇരുത്തിപ്പോലും യാത്രക്കാരെ കൊണ്ടുപോകും. ഒരു സുരക്ഷിതത്വവുമില്ല. മാഹിയിൽ നിന്നും മക്കളെ യാത്രയയച്ചാൽ അവർ പുതുച്ചേരിയിലെത്തി ഫോൺ ചെയ്താലേ ശ്വാസം നേരെയാകൂ.
പി.ടി.സി ശോഭ
മുൻ നഗരസഭാംഗം
യാതൊരു കണ്ടീഷനുമില്ലാത്ത ഈ ദീർഘദൂര ബസുകളിൽ ലക്ഷ്വറി ടിക്കറ്റ് ചാർജ്ജ് ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുന്നത് പ്രതിഷേധാർഹമാണ്. ലാഭകരമായ ഈ റൂട്ടിൽ പുതിയ ബസുകൾ അനുവദിക്കാൻ സർക്കാർ കണ്ണ് തുറക്കണം.ടി.എം. സുധാകരൻ
രക്ഷാധികാരി, ജനശബ്ദം മാഹി