മട്ടന്നൂർ: പാതിയിൽ നിലച്ച മട്ടന്നൂർ- മരുതായി- മണ്ണൂർ റോഡ് നവീകരണ പ്രവൃത്തി ഉടൻ പൂർത്തിയാക്കുമെന്ന് നഗരസഭാദ്ധ്യക്ഷ അനിതാ വേണു വാർത്താസമ്മേളനത്തിൽ അറിയിച്ചു. കിഫ്ബിയിൽ നിന്ന് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 20 കോടി രൂപ പ്രവൃത്തിക്കായി അനുവദിച്ചിട്ടുണ്ട്. 31ന് മുമ്പായി ടെൻഡർ നടപടികൾ പൂർത്തിയാകും. നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡും പുതുക്കിപ്പണിയും.
ഇവിടെ താൽക്കാലികമായി ഗതാഗത സൗകര്യം ഒരുക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങിയതായും അവർ പറഞ്ഞു. മൂന്നു വർഷം മുമ്പ് 24 കോടി രൂപ ചെലവിൽ മട്ടന്നൂർ- മരുതായി- മണ്ണൂർ റോഡ് നവീകരിക്കുന്ന പ്രവൃത്തി തുടങ്ങിയെങ്കിലും പൂർത്തിയായിരുന്നില്ല. ഇതിനിടെ നായിക്കാലിയിൽ റോഡിന്റെ ഒരു ഭാഗം പുഴയിലേക്ക് ഇടിഞ്ഞു താഴുകയും ഹരിപ്പന്നൂരിൽ റോഡിന്റെ സംരക്ഷണ ഭിത്തി തകരുകയും ചെയ്തു. തുടർന്നാണ് എസ്റ്റിമേറ്റ് പുതുക്കാൻ കിഫ്ബിക്ക് അപേക്ഷ നൽകിയത്. റോഡ് പണി നിലച്ചതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. മട്ടന്നൂരിൽ നിന്ന് നഗരസഭ ഓഫീസ് വരെ ശോച്യാവസ്ഥയിലായ റോഡും അറ്റകുറ്റപ്പണി നടത്തും. വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എ.കെ. സുരേഷ് കുമാർ, വി.പി. ഇസ്മായിൽ, ഷാഹിനാ സത്യൻ, എം. റോജ, പി. പ്രസീന തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.