കാസർകോട്: കാസർകോട് അടക്കമുള്ള ജില്ലകൾക്ക് കൂടി സഞ്ചരിക്കുന്ന ആധുനിക സജ്ജീകരണങ്ങൾ ഉൾപ്പെടുന്ന മൊബൈൽ ലാബുകൾ ലഭിച്ചതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് മായം കണ്ടെത്തുന്നതിനായുള്ള പരിശോധന കർശനമാക്കി. ഏപ്രിൽ 12 ന് ഫ്ലാഗ് ഓഫ് ചെയ്ത മൊബൈൽ ലാബ്, ചെറുവത്തൂർ ഷവർമ്മ ഭക്ഷ്യവിഷബാധയ്ക്ക് ഒരാഴ്ച മുമ്പാണ് കാസർകോട് ഫുഡ് ആൻഡ് സേഫ്റ്റി ഓഫ്സിൽ എത്തിയത്. ചെറുവത്തൂർ സംഭവത്തിന് ശേഷം കർശനപരിശോധനയാണ് ഇതുമുഖേന നടക്കുന്നത്.
ഒരു മാസം കൊണ്ട് 200 ഓളം പരിശോധനകളാണ് നടന്നത്. തേയിലയിലും പഞ്ചസാരയിലും മായം ചേർത്തതടക്കമുള്ള കേസുകൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. പാൽ, മീൻ, എണ്ണ, വെള്ളത്തിലെ കെമിക്കൽ തുടങ്ങിയവയാണ് സഞ്ചരിക്കുന്ന ലാബിൽ പരിശോധിക്കുന്നത്. ഓരോ വിഭാഗത്തിന്റെ പരിശോധനക്കും പ്രത്യേകം സംവിധാനം ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. സംശയമുള്ള സ്ഥലങ്ങളിൽ നിന്ന് സാമ്പിൾ എടുത്താൽ ഒരു മണിക്കൂറിനകം റിപ്പോർട്ട് കിട്ടും. ഫുഡ് ആൻറ് സേഫ്റ്റിയുടെ ഉദ്യോഗസ്ഥർ ഓരോ സ്ഥലത്തുനിന്നും എടുത്തു നൽകുന്ന സാമ്പിളുകളാണ് ലാബിൽ പരിശോധിക്കുന്നത്. ഇതിനായി ടെക്നിക്കൽ അസിസ്റ്റന്റ്, ലാബ് അസിസ്റ്റൻഡ്, ഡ്രൈവർ എന്നിവരെ സഞ്ചരിക്കുന്ന ലാബുകളിൽ നിയമിച്ചിട്ടുണ്ട്.
അഞ്ച് സർക്കിളുകൾ
കാസർകോട് ജില്ലയിൽ അഞ്ച് സർക്കിളുകളായി തിരിച്ചാണ് ലാബ് സഞ്ചരിക്കുന്നത്. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ, കാസർകോട്, മഞ്ചേശ്വരം എന്നിങ്ങനെയാണിത്.
സർക്കിളുകളിൽ പോയി ശേഖരിക്കുന്ന സാമ്പിളുകളാണ് പരിശോധിക്കുന്നത്. ഇതിനായി പ്രത്യേക രീതിയും പ്രത്യേക ഫോർമുലയും ആണ് ഉപയോഗിക്കുന്നത്. മായം ചേർക്കുന്നത് കണ്ടെത്തുന്നതിന് സഞ്ചരിക്കുന്ന ലാബ് സൗകര്യം വലിയ പ്രയോജനം ചെയ്യുന്നുണ്ട്.
-കാസർകോട് ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസർ