ntc
എൻ.ടി.സി മിൽ തൊഴിലാളികളുടെ ദുരിതം സംബന്ധിച്ച് 17ന് കേരളകൗമുദി നൽകിയ വാർത്ത

കണ്ണൂർ: കോട്ടയം വെള്ളൂരിലെ എച്ച്.എൻ.എൽ കമ്പനി സംസ്ഥാന സർക്കാർ ഏറ്റെടുത്ത മാതൃക എൻ.ടി.സി മില്ലുകളുടെ കാര്യത്തിലുമുണ്ടാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ന്യൂസ് പ്രിന്റ് ഫാക്ടറി ഏറ്റെടുത്ത മാതൃകയിൽ തങ്ങളെയും സർക്കാർ സംരക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് രണ്ടായിരത്തോളം വരുന്ന എൻ.ടി.സി മില്ലുകളിലെ തൊഴിലാളികൾ. എന്നാൽ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന തുണി മില്ലുകൾ കോടികൾ നഷ്ടത്തിലേക്ക് നീങ്ങുമ്പോൾ എൻ.ടി.സി മില്ലുകൾ ലാഭത്തിലെത്തിക്കാൻ എങ്ങനെ കഴിയുമെന്ന് ചോദിക്കുന്നവരുമുണ്ട്.

നാഷണൽ ടെക്‌സ്‌റ്റൈൽസ് കോർപ്പറേഷന് (എൻ.ടി.സി) കീഴിലുള്ള കണ്ണൂർ ഉൾപ്പടെയുള്ള തുണിമില്ലുകളിലെ ഉപകരണങ്ങൾ തൂക്കി വിൽക്കാൻ നീക്കം തുടങ്ങിയത് തൊഴിലാളികളിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.ആസ്തി വിൽപനയ്ക്കു മുന്നോടിയായി ജൂൺ 30നകം തന്നെ രാജ്യത്തെ എൻ.ടി.സി മില്ലുകൾക്ക് പൂർണമായും താഴുവീഴും. സംസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ടായിരത്തോളം തൊഴിലാളികൾ ഇതോടെ പെരുവഴിയിലാകും.

എൻ.ടി.സി ചെയർമാൻ അശുതോഷ് ഗുപ്തക്ക് ടെക്‌സ്‌റ്റൈൽസ് മന്ത്രാലയം ഇതുസംബന്ധിച്ച് കത്തയച്ചിരുന്നു. ജൂൺ 30വരെയുള്ള സ്ഥാപനത്തിന്റെ ചെലവുകൾ, നിലവിലുള്ളതും തീർപ്പാകാത്തതുമായ വേതന കണക്കുകൾ, ജീവനക്കാർക്ക് വി.ആർ.എസിന് ആവശ്യമായ തുക തുടങ്ങിയ വിവരങ്ങളാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

വെള്ളാനകളായി സഹകരണ മില്ലുകൾ

അതേ സമയം സംസ്ഥാനത്ത് സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന അഞ്ചു തുണി മില്ലുകൾ തുറന്നതിന് പുറമെ കണ്ണൂർ സ്പിന്നിംഗ് മിൽ പോലുള്ളവയെ കൂടുതൽ ശക്തിപ്പെടുത്താനും വ്യവസായ വകുപ്പ് ശ്രമം തുടങ്ങിയെങ്കിലും പ്രത്യേകിച്ച് ഒരു ഫലവുമുണ്ടായിട്ടില്ല. വ്യവസായ വകുപ്പിന് കീഴിലുള്ള പ്രഭുറാം മിൽസ്‌ ചെങ്ങന്നൂർ, കോട്ടയം ടെക്സ്റ്റൈൽസ് ഏറ്റുമാനൂർ, എടരിക്കോട് സ്പിന്നിംഗ് മിൽസ് മലപ്പുറം, മലബാർ സ്പിന്നിംഗ് മിൽസ് കോഴിക്കോട്, തൃശൂർ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ എന്നിവയാണ് കഴിഞ്ഞ വർഷം തുറന്നത്. അഞ്ച് വർഷത്തിനിടെ സർക്കാരിൽ നിന്നു 300 കോടി രൂപയുടെ സഹായം ലഭിച്ചിട്ടും നഷ്ടത്തിലായതിനാൽ പി.എഫ് തുക പോലും മിക്ക മില്ലുകൾക്കും അടക്കാൻ കഴിയാത്ത സ്ഥിതിയിലുമാണ്.

പരുത്തിക്ക് പഞ്ഞം

സ്പിന്നിംഗ് മില്ലുകളുടെ പ്രവർത്തനത്തിന് പ്രധാന തടസ്സമായി നിൽക്കുന്നത്. പല മില്ലുകളും ഭാഗികമായാണ് പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ തൊഴിൽദിനങ്ങൾ വെട്ടിക്കുറച്ചു. ലേഓഫും ഏർപ്പെടുത്തി. മിക്കയിടത്തും യഥാസമയം ശമ്പളം ലഭിക്കാത്തതിനാൽ തൊഴിലാളികൾ ദുരിതത്തിലാണ്. ഇതിനിടെ എൻ.ടി.സി മില്ലുകൾ സർക്കാർ ഏറ്റെടുത്താൽ ബാദ്ധ്യത വർദ്ധിക്കുമെന്ന ആശങ്കയും ഒരു ഭാഗത്തുണ്ട്.