നീലേശ്വരം: കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ നീലേശ്വരം-ഇടത്തോട് റോഡിൽ വെള്ളക്കെട്ട്. ഇടത്തോട് റോഡിൽ ബ്ലോക്ക് ഓഫീസ് പുത്തരിയടുക്കം സബ് സ്റ്റേഷൻ പരിസരത്താണ് വെള്ളം കെട്ടി നിൽക്കുന്നത്.
നീലേശ്വരം -ഇടത്തോട് റോഡ് മെക്കാഡം ടാർ ചെയ്യാൻ ടെണ്ടർ വിളിച്ചിട്ട് മൂന്നുവർഷം കഴിഞ്ഞെങ്കിലും പാലാത്തടം മുതൽ നീലേശ്വരം മേല്പാലം വരെ ഇതുവരെ പണി തുടങ്ങിയിട്ടില്ല. ഇതിൽ താലൂക്ക് ആശുപത്രി മുതൽ മേല്പാലം വരെ റോഡ് വീതി കൂട്ടാൻ സ്ഥലമേറ്റെടുക്കുന്ന പണി നീണ്ടുപോവുകയാണ്.
താലൂക്ക് ആശുപത്രി മുതൽ പാലാത്തടം കാമ്പസ് വരെ റോഡ് മെക്കാഡം ടാറിംഗ് ചെയ്യാൻ വരുന്ന ജൂൺ 30 വരെയാണ് കരാറുകാരന് സമയം നൽകിയിരിക്കുന്നത്. എന്നാൽ കരാറുകാരൻ ജനങ്ങളെ വെല്ലുവിളിച്ച് പണി നീട്ടിക്കൊണ്ടുപോവുകയാണ്. ഇതിന് പൊതുമരാമത്ത് അധികൃതരും കൂട്ടുനിൽക്കുകയാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് പാലാത്തടം കാമ്പസ് മുതൽ നരിമാളം വരെ റോഡ് മെക്കാഡം ടാറിംഗ് ചെയ്തിട്ടുണ്ടെങ്കിലും റോഡിന്റെ സൈഡ് ഭിത്തി കെട്ടാത്തതിനാൽ പലയിടങ്ങളിലും റോഡ് വിണ്ടുകീറിയ നിലയിലാണ്. ഈ ഭാഗങ്ങളിൽ അപകടവും പതിവാണ്.
അറ്റകുറ്റപ്പണിയില്ല, റോഡിൽ
നിറയെ കുഴികൾ
നീലേശ്വരം -ഇടത്തോട് റോഡ് മെക്കാഡം ടാർ ചെയ്യാൻ മൂന്നു വർഷം മുമ്പ് ടെണ്ടർ ഏറ്റെടുത്തതിന് ശേഷം റോഡ് അറ്റകുറ്റപ്പണി ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ റോഡിൽ മിക്കയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് കുഴി രൂപപ്പെട്ടിരിക്കയാണ്. പൊട്ടിപ്പൊളിഞ്ഞ ഭാഗം കരാറുകാരൻ മഴ വരുന്നതിന് മുമ്പെ അറ്റകുറ്റപ്പണി ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ആ വാക്കും പാലിച്ചിട്ടില്ല. മഴ ശക്തമാകുന്നതോടെ ഇടത്തോട് റോഡിലൂടെയുള്ള യാത്ര ഈവർഷവും ദുസ്സഹമാകാനാണ് സാദ്ധ്യത.
(പടം ഇടത്തോട് റോഡിൽ ബ്ലോക്ക് ഓഫീസ് പുത്തരിയടുക്കം സബ് സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട്.