
കണ്ണൂർ: കണ്ണൂർ- തളിപ്പറമ്പ് ദേശീയപാതയിൽ പള്ളിക്കുളത്ത് പാചകവാതകം കയറ്റിവന്ന ലോറി ബൈക്കിലിടിച്ച് മുത്തച്ഛനും ചെറുമകനും മരിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ കാമത്ത് സിറാമിക്‌സിനു മുന്നിലുണ്ടായ അപകടത്തിൽ ഇടച്ചേരി നവനീതത്തിൽ മഹേഷ് ബാബു(60), ആഗ്‌നേയ് (9) എന്നിവരാണ് മരിച്ചത്.കണ്ണൂരിൽ നിന്നു പുതിയൊരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനത്തിനു പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ഇവരുടെ ദേഹത്തുകൂടി ലോറി കയറുകയായിരുന്നു. തൊട്ടടുത്ത കടയിൽ ജോലി ചെയ്യുന്ന മഹേഷ് ബാബുവിന്റെ മകളും ആഗ്നേയിന്റെ അമ്മയുമായ നവ്യയാണ് ഇവരെ തിരിച്ചറിഞ്ഞത്.ചിറക്കൽ ക്ഷീരോത്പാദന സഹകരണ സംഘത്തിലെ മുൻജീവനക്കാരനാണ് മഹേഷ് ബാബു. വിനീതയാണ് ഭാര്യ. മകൻ: നിഖിൽ. പ്രവീൺ -നവ്യ ദമ്പതികളുടെ ഏകമകനാണ് ആഗ്നേയ്. എസ്.എൻ വിദ്യാമന്ദിർ സ്‌കൂളിലെ വിദ്യാർത്ഥിയാണ്.