തലശേരി: മലബാർ കാൻസർ സെന്ററിൽ, ന്യൂറോ ഓങ്കോളജി രംഗത്ത് ഏറ്റവും നൂതനമായ ന്യൂക്ലിയർ മെഡിസിൻ ചികിത്സാരീതി മെറ്റാ അയഡോ ബെൻസീൻ ഗ്വാനിഡിൻ അഥവാ 1131 എം.ഐ.ബി.ജി തെറാപ്പി ആരംഭിക്കുന്നു.
ഉയർന്ന ഫലപ്രാപ്തിയുള്ള ഈ ചികിത്സാ രീതി ഉപയോഗിച്ച് ന്യൂറോബ്ലാസ്റ്റോമ, പാരാഗംഗ്ലിയോമ, ഫിയോക്രോമോസൈറ്റോമ എന്നീ എന്റോക്രൈൻ ട്യൂമറുകളുടെ രോഗ നിർണയവും ചികിത്സയും സുഗമമാക്കുന്നു. കുറഞ്ഞ സമയം കൊണ്ട് രോഗത്തിന്റെ വ്യാപ്തി കുറച്ചു കൊണ്ടുവന്ന് പരിപൂർണ്ണമായി അസുഖം ഭേദമാക്കാൻ കഴിയുന്ന ചികിത്സാരീതിയാണിത്.
കൂടിയ അളവിലുള്ള റേഡിയേഷൻ ഉള്ളതിനാൽ രോഗിയെ പ്രത്യേകം തയ്യാറാക്കിയ മുറിയിൽ ഐസൊലേറ്റ് ചെയ്താണ് ഈ ചികിത്സ. പിന്നീട് നിയമപരമായി നിശ്ചയിച്ചിട്ടുള്ള അളവിൽ റേഡിയേഷൻ കുറഞ്ഞതിനുശേഷം മാത്രമാണ് രോഗിയെ ഡിസ്ചാർജ് ചെയ്യുക.
ഏറ്റവുംകുറഞ്ഞ ചിലവിൽ രോഗികൾക്ക് നൂതന ചികിത്സ ലഭ്യമാക്കുകയാണ് ഇത്തരം ചികിത്സാരീതികളിലൂടെ മലബാർ കാൻസർ സെന്റർ ലക്ഷ്യമാക്കുന്നത്.