കണ്ണൂർ: ജില്ലയിലെ 100 പട്ടികവർഗ കോളനികൾ സമഗ്ര വികസനത്തിനായി ജില്ലാ പഞ്ചായത്ത് ദത്തെടുക്കുമെന്ന് പ്രസിഡന്റ് പി.പി ദിവ്യ അറിയിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പട്ടികവർഗ മേഖലയിൽ നടപ്പിലാക്കുന്ന ട്രൈബൽ മിഷൻ പ്രവർത്തനം സംബന്ധിച്ച കൂടിയാലോചനാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പദ്ധതിയുടെ ഭാഗമായി ആദിവാസി, ഗോത്ര കോളനികളിൽ പഠനം നടത്തി പ്രശ്‌നങ്ങളും പോരായ്മകളും ആവശ്യങ്ങളും കണ്ടെത്തും. സർവ്വേ പ്രകാരം വളരെ പിന്നോക്കം നിൽക്കുന്ന 100 കോളനികളെയാണ് സമഗ്ര വികസനത്തിനായി ദത്തെടുക്കുക. ഓരോ കോളനികളും വ്യത്യസ്തമായ പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ അവ കണ്ടെത്തി അറിയിക്കുന്നതിന് എസ്.ടി പ്രൊമോട്ടർമാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
തൊഴിൽ സാധ്യതകൾ വർധിപ്പിക്കുക, യൂണിഫോം സേന പരിശീലനം വിപുലമാക്കുക, അടിസ്ഥാന സൗകര്യ വികസനം കൂടുതൽ മെച്ചപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ വിവിധ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ മുന്നോട്ടുവെച്ചു.
ജൂണിൽ പട്ടികവർഗ മേഖലയിലുള്ള മുഴുവൻ വിദ്യാർത്ഥികളും സ്‌കൂളിൽ പ്രവേശനം നേടിയിട്ടുണ്ടോയെന്നും അവർ കൃത്യമായി സ്‌കൂളിൽ പോകുന്നുണ്ടോയെന്നും ഉറപ്പുവരുത്തണമെന്ന് യോഗത്തിൽ അദ്ധ്യക്ഷനായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ പറഞ്ഞു. കുടിവെള്ള പദ്ധതികളുടെ ഭാഗമായി ഒരുക്കിയ സംവിധാനങ്ങൾ സംരക്ഷിക്കണമെന്നും പഠന സൗകര്യത്തിനും മറ്റുമായി സാംസ്‌കാരിക കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ള ഇന്റർനെറ്റ് സൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഐ.ടി.ഡി.പി പ്രോഗ്രാം ഓഫീസർ എസ്. സന്തോഷ് കുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.കെ സുരേഷ്ബാബു, യു.പി ശോഭ, ടി. സരള, കെ.കെ രത്‌നകുമാരി, അംഗം എൻ.പി ശ്രീധരൻ, സെക്രട്ടറി ഇൻ ചാർജ്ജ് ഇ.എൻ സതീഷ്ബാബു, ആർ.സി.എച്ച് ഓഫീസർ ഇൻ ചാർജ് ഡോ. ബി. സന്തോഷ്, കണ്ണൂർ റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി രമേശൻ, എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ ടി. രാഗേഷ്, തളിപ്പറമ്പ് റേഞ്ച് ഓഫീസർ രതീഷ് എന്നിവർ പങ്കെടുത്തു.

പദ്ധതി ഇങ്ങനെ

തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യം, പൊലീസ്, എക്‌സൈസ് വകുപ്പുകൾ, ആദിവാസി സംഘടനകൾ, എസ്.ടി പ്രൊമോട്ടർമാർ തുടങ്ങി എല്ലാവരുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ മേഖല, ആരോഗ്യം, സ്ത്രീകളുടെയും പെൺകുട്ടികളുടെയും ക്ഷേമവും സുരക്ഷയും, കലാപരമായ കഴിവുകളുടെ പ്രോത്സാഹനം, തൊഴിൽ, കോളനിയിലെ സുരക്ഷിത ജീവിതം, അച്ചടക്കം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കും.